Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ സന്ദർശകർ...

സലാലയിൽ സന്ദർശകർ വർധിക്കുന്നു; യാത്രക്കാർക്ക് വേണം ജാഗ്രത

text_fields
bookmark_border
സലാലയിൽ സന്ദർശകർ വർധിക്കുന്നു; യാത്രക്കാർക്ക് വേണം ജാഗ്രത
cancel

മസ്കത്ത്: സലാലയിൽ മഴയും തണുത്ത കാലാവസ്ഥയും അനുഭവപ്പെടാൻ തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു ഗൾഫ് നാടുകളിൽനിന്നും കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി സന്ദർശകർ വർധിക്കുന്നതായി സലാലയിലെ വ്യാപാരികൾ പറയുന്നു. ഈദ് സീസണിലെ പ്രതികൂല കാലാവസ്ഥയും അപകടങ്ങളും കാരണം സന്ദർശക പ്രവാഹം കുറഞ്ഞിരുന്നു. ഇപ്പോൾ യു.എ.ഇ, ഖത്തർ, സൗദി അറേബ്യ അടക്കമുള്ള അയൽ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ സന്ദർശകർ എത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് സലാലയിലെ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഈ വർഷം കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ഒരുക്കങ്ങളും സുരക്ഷ മുൻകരുതലുകളും അധികൃതർ എടുത്തിരുന്നു. കഴിഞ്ഞ വർഷം കാര്യമായ ഒരുക്കങ്ങളൊന്നുമില്ലായിരുന്നെങ്കിലും സീസണിന്‍റെ അവസാനഘട്ടത്തിൽ വൻ സന്ദർശകപ്രവാഹമുണ്ടായിരുന്നു.

ഖരീഫ് സീസൺ ആരംഭിച്ചതോടെ മസ്കത്ത്-സലാല റൂട്ടിൽ അപകടങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ച് പ്രധാന അപകടങ്ങളാണ് ഈ റൂട്ടിലുണ്ടായത്. ഇതിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പലരുടെയും നില ഗുരുതരമാണ്. മുൻ വർഷങ്ങളിലും സലാല റൂട്ടിൽ നിരവധി അപകടങ്ങൾ നടന്നിരുന്നു. അപകടങ്ങൾ കുറക്കാൻ റോയൽ ഒമാൻ പൊലീസ് നടപടികൾ ശക്തമാക്കിയെങ്കിലും അത്യാഹിതങ്ങൾ തുടരുകയാണ്. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കായി ബോധവത്കരണ പരിപാടികൾ കാര്യക്ഷമമാക്കുകയും പൊലീസ് സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സലാലയിലെ വാദി ദർബാത്ത്

സലാല യാത്രക്ക് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മസ്കത്ത്-സലാല റൂട്ടിൽ മുവാസലാത്ത്, ജി.ടി.സി അടക്കം നിരവധി കമ്പനികൾ സർവിസുകൾ നടത്തുന്നുണ്ട്. ഇവയെല്ലാം ഖരീഫ് സീസണിൽ സർവിസുകൾ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാർ അടക്കമുള്ള ചെറിയ വാഹനത്തിൽ സലാലയിയേക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇത്തരക്കാർ വാഹനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തണം. വാഹനത്തിന്‍റെ ബ്രേക്ക്, ടയർ അടക്കമുള്ളവ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. വാഹനത്തിൽ പ്രാഥമിക ശുശ്രൂഷ കിറ്റുകൾ ഉണ്ടായിരിക്കണം. റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നതിനാൽ അമിതവേഗം ഒഴിവാക്കണം. ഒന്നിലേറെ കാറുകളിൽ പോയാൽ യാത്രയിൽ പരസ്പരം ബന്ധപ്പെടാനും അപകടങ്ങൾ സംഭവിച്ചാൽ സഹായം എത്തിക്കാനും കഴിയും. ഇടക്ക് വാഹനം നിർത്തുന്നതും വാഹനത്തിന്‍റെ ടയറും മറ്റും പരിശോധിക്കുന്നതും നല്ലതാണ്.

അപകടങ്ങൾ അധികവും ഉണ്ടാകുന്നത് ഒട്ടകം, കഴുത അടക്കമുള്ള ജന്തുക്കൾ റോഡ് മുറിച്ചുകടക്കുമ്പോഴാണ്. വാഹനം ഓടിക്കുന്നവരും യാത്രക്കാരും പുറത്തേക്ക് ശ്രദ്ധിക്കുകയും റോഡിന്‍റെ വശങ്ങളിൽ ഇത്തരം മൃഗങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം. ഈ റൂട്ടിൽ മരുഭൂമികൾ ഉള്ളതിനാൽ റോഡിൽ പൊടുന്നനെ മണൽ വന്നടിയാനുള്ള സാധ്യതയും ഉണ്ട്. മണലിൽ വാഹനം കയറുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. മസ്കത്ത്-സലാല റോഡ് അനന്തമായും ആളൊഴിഞ്ഞ് കിടക്കുന്നതിനാലും ചെറിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഉറക്ക സാധ്യത കൂടുതലാണ്. അതിനാൽ ചെറിയ വാഹനക്കാർ രാത്രികാലങ്ങളിലെ യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം.

വാദി ദർബാത്ത് സഞ്ചാരികൾക്കായി വീണ്ടും തുറന്നു

മസ്കത്ത്: കനത്ത മഴയും വാദികൾ കുത്തിയൊഴുകുന്നതും കണക്കിലെടുത്ത് സഞ്ചാരികളെ വിലക്കിയിരുന്ന ദോഫാർ ഗവർണറേറ്റിലെ സലാലയിലെ വാദി ദർബാത്ത് അധികൃതർ വീണ്ടും തുറന്നുകൊടുത്തു. സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ച് സന്ദർശകർക്ക് വാദി ദർബാത്തിലേക്ക് വരാമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. മഴയെ തുടർന്ന് വാദി ദർബാത്ത് പാർക്ക് താൽക്കാലികമായി അടച്ചിടാൻ വ്യാഴാഴ്ചയാണ് അധികൃതർ ഉത്തരവിട്ടത്.

ഖരീഫ് സീസൺ ആയതിനാൽ ഇവിടേക്ക് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്. മഴയിൽ വാദികൾ അപ്രതീക്ഷിതമായി കുത്തിയൊഴുകുന്നതിനാൽ ഇവർ അപകടത്തിൽപ്പെടാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സഞ്ചാരികളിൽ മറ്റ് ജി.സി.സികളിൽ നിന്നുള്ളവരുമുണ്ട്. വാദികളുടെ സ്വഭാവം അറിയാതെ ഇത്തരം ആളുകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇതൊഴിവാക്കാനാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ആദം-തുംറൈത്ത് റോഡിൽ യാത്രക്കാർ ജാഗ്രത പാലിക്കണം

മസ്‌കത്ത്: റോഡിന് ഇരുവശത്തും മണൽ അടിഞ്ഞുകൂടിയതിനാൽ ആദം-തുംറൈത്ത് റോഡിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മരുഭൂമിയില്‍നിന്ന് റോഡിലേക്ക് മണല്‍ നീങ്ങിയത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മേഖലയില്‍ വീശിയടിച്ച കനത്ത പൊടിക്കാറ്റിനെ തുടര്‍ന്നാണ് മണല്‍ റോഡിലേക്ക് നീങ്ങിയത്. മണൽക്കാറ്റിന് സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയുമെന്നും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. അമിതവേഗത്തിൽ വാഹനമോടിക്കരുത്. മുന്നിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahVisitors increased; Passengers should be careful
News Summary - Visitors increased; Passengers should be careful
Next Story