സന്ദർശകർക്ക് കൗതുകമായി വടക്കൻ ബാത്തിനയിൽ ‘ജീവന്റെ വൃക്ഷം’
text_fieldsവടക്കൻ ബാത്തിനയിലെ സെയ്മിയിലെ ബയോബാബ് മരത്തിന്റെ ദൃശ്യങ്ങൾ. യാത്രികനായ
മിഥുൻ രവി പകർത്തിയ ചിത്രങ്ങൾ
സുഹാർ: ലോകത്തിലെ അപൂർവ മരങ്ങളിലൊന്നായ ബയോബാബ് വടക്കൻ ബാത്തിനയിലെത്തുന്ന സന്ദർശകർക്ക് കൗതുകമാകുന്നു. ഒമാനിൽ ദോഫാർ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ മരം ബാത്തിന മേഖലയിൽ അധികം കണ്ടുവരാറില്ല. വടക്കൻ ബത്തിനയിലെ ലിവയിൽ നിന്ന് 44 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന സെയ്മി എന്ന പ്രദേശത്താണ് സഞ്ചാരികളെ ആകർഷിച്ച് പടുകൂറ്റൻ ബയോബാബ് മരം നിൽക്കുന്നത്. നൂറുകണക്കിന് വർഷം പഴക്കമുള്ളതും വലിയ വലുപ്പമുള്ളതും ആണ് ബയോബാബ് മരം.
ആഫ്രിക്ക, മഡഗാസ്കർ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ഇലകൊഴിയും മരമാണ് ബയോബാബ്. തബൽദി എന്നാണ് അറബിയിൽ ഈ മരത്തിന്റെ പേര്. മാൽവസി ഫാമിലിയിൽപെട്ട ഈ വൃക്ഷത്തിന് അഡസോനിയ ഡിജിറ്റാറ്റ എന്നാണ് ശാസത്രീയ നാമം. ഇതിനെ 'കാടുകളുടെ അമ്മ' അല്ലെങ്കിൽ 'ജീവന്റെ വൃക്ഷം' എന്നും വിശേഷിപ്പിക്കാറുണ്ട്. പ്രകൃതിയുടെ സൗന്ദര്യത്തിനും പ്രതിരോധശേഷിക്കും സാക്ഷ്യമായി നിലകൊള്ളുന്നവയാണ് ഇവ. അതിമനോഹരമായ തടിയും വിശാലമായ ശാഖകളുമുള്ള ഈ മരം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ശ്രദ്ധേയമായ കാഴ്ചയാണ്.ഒമാനിൽ ബയോ ബാബ് മരങ്ങൾ പൊതുവെ കണ്ടുവരുന്നത് ദോഫാർ ഗവർണറേറ്റിലാണ്. സലാല, മിർബാത്ത്, ദൽക്കൂത്ത് എന്നിവിടങ്ങളിലും വാദിഹിനെ പോലുള്ള വാദികളിലും ബയോബാബ് മരങ്ങളുടെ കൂട്ടങ്ങൾ കാണാം. ദോഫാർ മേഖലയിൽ 200 ഓളം മരങ്ങൾ ഉണ്ടെന്നാണ് കണക്ക്.
ബാത്തിന മേഖലയിൽ ഈ മരം അപൂർവമായാണ് കണ്ടെത്തിയതെന്നതിനാൽ ധാരാളം സന്ദർശകർ ഈ പ്രദേശത്ത് എത്തുന്നുണ്ട്. വെള്ളത്തിന്റെ നീരുറവയും ചെറിയ ഫലജും കൃഷിയിടങ്ങളും മരങ്ങളും കൊണ്ട് പിക്നിക് ആസ്വദിക്കാൻ പറ്റിയ പ്രദേശമാണിത്. പടർന്നുപന്തലിച്ചു നിൽക്കുന്ന മരംതന്നെയാണ് മുഖ്യ ആകർഷണം. കൗതുകമുള്ള മരത്തിന്റെ കായും ഇലകളും വേരും എല്ലാം ഔഷധഗുണം ഏറെയുള്ളതാണ്. മരത്തിന്റെ ചരിത്രപരമായ പ്രാധാന്യം അതിന്റെ മനോഹാരിതക്ക് മറ്റൊരു പാളി കൂടി നൽകുന്നു. നിരവധി സന്ദർശകർ അതിന്റെ തണലിൽ വിശ്രമിക്കാനും പിക്നിക്കുകൾ ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാനും സമയം ചെലവഴിക്കുന്നു. ഇലകൾ ഇല്ലാത്ത സമയത്ത് ഇതിന്റെ ശാഖകൾ ആകാശത്തേക്ക് ഉയർന്ന വേരുകൾ പോലെ തോന്നിക്കുന്നതിനാൽ ഇതിന് 'തലകീഴായ മരം' എന്നും വിളിപ്പേരുണ്ട്
വരൾച്ചയെ അതിജീവിക്കാൻ ഇവയുടെ തടിയിൽ ധാരാളം വെള്ളം സംഭരിച്ചുവെക്കാൻ കഴിയും. ഒരു വലിയ ബയോബാബ് മരത്തിന് ഒരു ലക്ഷം ലിറ്ററിലധികം വെള്ളം ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് കണക്ക്. ചില മരങ്ങളുടെ വ്യാസം 10 മീറ്റർ വരെ വരും. തടിയുടെ നാരുകൾ ഉപയോഗിച്ച് കയറും വസ്ത്രങ്ങളും ഉണ്ടാക്കാറുണ്ട്. ബയോബാബ് മരങ്ങൾക്ക് ആയിരക്കണക്കിന് വർഷം വരെ ആയുസ്സുണ്ട്. ഇവയുടെ പ്രായം കൃത്യമായി നിർണയിക്കുക പ്രയാസമാണ്. കാരണം ഇവക്ക് സാധാരണ മരങ്ങളെപ്പോലെ വാർഷിക വളയങ്ങൾ ഇല്ല. ഇതിന്റെ തേങ്ങയുടെ വലുപ്പത്തിലുള്ള കായകൾ ഭക്ഷ്യയോഗ്യമാണ്. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്.
വിശ്വാസപരമായ ചില മാനങ്ങൾ ചിലർ വെച്ചുപുലർത്തുന്നത് കൊണ്ടാകാം ഇവിടെയുള്ള മരങ്ങളിൽ മുഴുവനായും ആണി അടിച്ചതായി കാണാം. മരം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ എത്തുന്നുണ്ട്. സ്വദേശികളും വിദേശികളും സായാഹ്നം ചിലവഴിക്കാൻ കുടുംബങ്ങളുമായി ഇവിടെ ഒത്തുകൂടുന്നു.
ലിവയിൽ നിന്ന് 44 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം. ഇതിൽ 14 കിലോമീറ്റർ ചെമ്മൺപാതയാണ്. ചെങ്കുത്തായ ഇറക്കവും കയറ്റവും കഴിഞ്ഞുവേണം ഇവിടേക്കെത്താൻ. ഫോർ വീൽ ഡ്രൈവ് ആണ് യാത്രക്ക് ഉചിതം. ഇവിടേക്ക് എത്തുന്ന വഴിയിലും നല്ല കാഴ്ചകളേറെയുണ്ട്. സൂര്യാസ്തമയവും മുകളിൽ നിന്നുള്ള കാഴ്ചകളും അതി മനോഹരമാണ്. ശാന്തതയുള്ള ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ചു യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

