തെക്കു–കിഴക്ക് ഏഷ്യന്‍ സ്ത്രീകളുടെ ടൂറിസ്റ്റ് വിസക്ക് ഒമാന്‍ കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നു
text_fieldsമസ്കത്ത്: തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ ടൂറിസ്റ്റ് വിസക്ക് ഒമാന്‍ കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വേശ്യാവൃത്തി തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ ടൂറിസ്റ്റ് വിസയിലത്തെി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) കണ്ടത്തെിയ സാഹചര്യത്തിലാണ് വിസാചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
വിയറ്റ്നാം, ലാവോസ്, കംബോഡിയ, തായ്ലന്‍ഡ്, മ്യാന്മര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തെക്കു-കിഴക്ക് ഏഷ്യ. ഈ രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ മടക്ക ടിക്കറ്റെടുക്കുകയും ചതുര്‍ നക്ഷത്ര ഹോട്ടലില്‍ താമസം ബുക്ക് ചെയ്യുകയും ചെയ്താല്‍ മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍.ഒ.പി എമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചാല്‍ തന്നെ പത്തുദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസയേ അനുവദിക്കൂ. ഇതുവരെ 30 ദിവസത്തേക്ക് വിസ അനുവദിച്ചിരുന്നു. പുതിയ നിബന്ധനകള്‍ ഈമാസം മുതല്‍ നടപ്പാക്കും. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് സ്ത്രീകളാണ് അനാശാസ്യ പ്രവര്‍ത്തനത്തിന് അടുത്ത കാലത്തായി അറസ്റ്റിലായതെന്ന് ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ പറയുന്നു.
തലസ്ഥാന നഗരമായ മസ്കത്തിലെ തെരുവുകളിലും കഫേകളിലും ഇവര്‍ നില്‍ക്കുന്ന ഫോട്ടോകളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ നിരവധി പേരാണ് അധികൃതരോട് ആവശ്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബറില്‍ അല്‍ ഖുവൈറിലെ ഫ്ളാറ്റില്‍ തായ് പൊലീസും ആര്‍.ഒ.പിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട 21 തായ്ലന്‍ഡ് സ്വദേശിനികളെ രക്ഷപ്പെടുത്തിയിരുന്നു. വേശ്യാലയം നടത്തിയതിന് മൂന്ന് തായ്ലന്‍ഡ് പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകളെ രക്ഷിക്കാനായി ആര്‍.ഒ.പിയുമായി പദ്ധതി തയാറാക്കിയ തായ് പൊലീസ് നടപടിക്കായി മസ്കത്തിലത്തെുകയായിരുന്നു. ‘പട്ടായ ഫൈന്‍ഡ് ജോബ്’ എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെയാണ് ഈ സ്ത്രീകളെ വലയില്‍ കുടുക്കിയതെന്നും ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ മസ്കത്തിലത്തെിച്ചതെന്നും തായ്ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 1110 ഒമാനി റിയാല്‍ ശമ്പള വാഗ്ദാനം നല്‍കിയാണ് ഇവരെ കൊണ്ടുവന്നത്. സംഘത്തില്‍നിന്ന് നേരത്തേ രക്ഷപ്പെട്ട മൂന്നു സ്ത്രീകളില്‍നിന്നാണ് തായ്ലന്‍ഡ് അധികൃതര്‍ക്ക് 21 സ്ത്രീകള്‍ മസ്കത്തില്‍ പെണ്‍വാണിഭ സംഘത്തിന്‍െറ പിടിയില്‍ കുടുങ്ങിക്കിടക്കുന്നതായി അറിയാന്‍ സാധിച്ചത്.
തായ് എംബസിയുടെ സഹായത്തോടെയായിരുന്നു രക്ഷപ്പെട്ട സ്ത്രീകള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. 20നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘം ഫ്ളാറ്റില്‍ അടച്ചിട്ടിരുന്നത്. ഒമാനിലത്തെിയ ശേഷം ഇവരുടെ പാസ്പോര്‍ട്ട് കൈക്കലാക്കുകയും ആശയവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
