വിസ തട്ടിപ്പ്: ആറുമാസത്തെ ദുരിതത്തിനുശേഷം ജീനീഷും സുനീറും ഒടുവിൽ നാടണഞ്ഞു
text_fieldsനാട്ടിലേക്ക് മടങ്ങുന്നതിനിടെ ജീനീഷും സുനീറും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
കൈത്താങ്ങായി നിന്നത് കെ.എം.സി.സി പ്രവർത്തകർ
മസ്കത്ത്: വിസ തട്ടിപ്പിൽ കുടുങ്ങി ഒമാനിൽ അകപ്പെട്ട കണ്ണൂർ സ്വദേശി ജീനീഷ്, തിരുവനന്തപുരം സ്വദേശി സുനീർ എന്നിവർ ആറുമാസത്തെ ദുരിതത്തിനുശേഷം നാടണഞ്ഞു. റൂവി കെ.എം.സി.സിയുടെ ഇടപ്പെടലിനെ തുടർന്ന് എംബസി വഴിയാണ് കഴിഞ്ഞ ദിവസം മസ്കത്തിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. ഏകദേശം ആറ് മാസം മുമ്പായിരുന്നു ഇരുവരേയും കണ്ണൂർ കവ്വായി സ്വദേശി വിസിറ്റ് വിസയിൽ എത്തിക്കുന്നത്. ഒമാനിലെത്തിയാൽ തൊഴിൽ വിസയിലേക്ക് മാറാമെന്നും മികച്ച വേതനം ലഭിക്കുമെന്നും പറഞ്ഞായിരുന്നു ഇരുവരെയും വിശ്വസിപ്പിച്ചിരുന്നത്. സുനീറിന്റെ പക്കലിൽനിന്ന് 80,000രൂപയും ജിനീഷിന്റെ അടുത്തുനിന്ന് 50,000 രൂപയുമായിരുന്നു ഇയാൾ വിസക്ക് വാങ്ങിയിരുന്നത്. എന്നാൽ, ഇവിടെ എത്തിയ ആദ്യ നാളിൽതന്നെ ഇയാളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായെന്നും വിളിച്ചാൽ ഫോണെടുക്കാത്ത സ്ഥിതിയായിരുന്നെന്നും ഇരുവരും പറഞ്ഞു. പലപ്പോഴും ദൈനംദിനം ജീവിതം പട്ടിണിയിലായിരുന്നു. കെ.എം.സി.സി പ്രവർത്തകർ നൽകിയിരുന്ന ഭക്ഷ്യ കിറ്റുകളും മറ്റുമായിരുന്നു ഇവരുടെ ഏക ആശ്രയം.
ഇതിൽ സുനീറിന് സംസാരിക്കാൻ പ്രയാസമുള്ളയാളാണ്. ഇദ്ദേഹത്തെ ഒരു മരുഭൂമിയിലായിരുന്നു ആക്കിയിരുന്നത്. ഏറെ ബുദ്ധിമുട്ടി ബംഗാളിയുടെ സഹായത്തോടെയാണ് ഇവിടെനിന്നും രക്ഷപ്പെട്ട് റൂവിയിലെത്തിയത്. ജീനീഷിന് സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇദ്ദേഹത്തെ കോഫി ഷോപ്പിലായിരുന്നു ആക്കിയത്. എന്തെങ്കിലും ജോലിയാകുമെല്ലോ എന്ന് കരുതി അവിടെ തുടരാൻ തീരുമാനിച്ചു. ശമ്പളം കിട്ടില്ലെന്ന് അറിഞ്ഞതോടെ അവിടെനിന്നും ഇറങ്ങുകയായിരുന്നു. കോഫി ഷോപ്പ് ജീവനക്കാരനും കണ്ണൂർ കവ്വായി സ്വദേശിയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇതിന് പിന്നിലെന്നും ജിനീഷ് പറഞ്ഞു. കണ്ണൂർ കവ്വായി സ്വദേശി ആദ്യകാലങ്ങളിൽ വിസയിലെത്തിച്ചവർ വിവിധ കമ്പനികൾ നല്ല നിലയിൽ ജോലിയിൽ തുടരുന്നുണ്ട്. ഇതിനുശേഷമാണ് ഇദ്ദേഹം വിസ തട്ടിപ്പിലേക്ക് തിരിഞ്ഞതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
മുമ്പ് താൻ കൊണ്ടുവന്നവരിൽപ്പെട്ട നല്ല നിലയിൽ ജോലിചെയ്യുന്നവരെ പരിചയപ്പെടുത്തിയാണ് ഇദ്ദേഹം പുതിയ ഇരകളെ വലയിൽ വീഴ്ത്തുന്നത്. ദിനേനെ എന്നോണം വിസതട്ടിപ്പ് കേസുകൾ വർധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ നാട്ടിലും പ്രവാസ ലോകത്തും ബോധവത്കരണം അത്യവശ്യമാണെന്ന് റൂവി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

