സഅലിലെ കമ്പനിയിൽ അക്രമവും കലാപവും; 59 വിദേശി തൊഴിലാളികളെ നാടുകടത്താൻ ഉത്തരവ്
text_fieldsമസ്കത്ത്: കഴിഞ്ഞ ഡിസംബർ 25ന് ദാഖിലിയ്യ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിലെ സഅലിൽ കമ്പനി താമസ സ്ഥലത്ത് നടന്ന അക്രമസംഭവങ്ങളിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി. പിടിയിലായവരിൽ 59 ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തി വിവിധ കാലയളവിലേക്ക് തടവു ശിക്ഷ വിധിച്ച ബിദ്ബിദിലെ കോടതി, കുറ്റക്കാരെ നാടുകടത്താനും വിധിച്ചു.
പൊതുസുരക്ഷയും ക്രമസമാധാനവും തകർക്കുന്ന തരത്തിൽ ആളുകളെ കൂട്ടം ചേരാൻ പ്രേരിപ്പിച്ചതിന് (ആർട്ടിക്കിൾ 123), പൊതുസുരക്ഷക്ക് ഭംഗം വരുത്തുന്ന രീതിയിൽ പത്തോ അതിലധികമോ പേർ പങ്കെടുത്ത കൂട്ടായ്മയിൽ പങ്കെടുക്കുക (ആർട്ടിക്കിൾ 121), മറ്റുള്ളവരുടെ സ്ഥാവര- ജംഗമ വസ്തുക്കൾ നശിപ്പിക്കുക (ആർട്ടിക്കിൾ 367), വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുക്രമത്തിന് ഹാനികരമായ ഉള്ളടക്കം നിർമിക്കുകയും കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക (സൈബർ ക്രൈം നിയമം ആർട്ടിക്കിൾ 19) എന്നിവയാണ് പ്രതികൾക്കെതിരായ കുറ്റം.അതേസമയം, കേസിൽ 23 പ്രതികളെ കോടതി വെറുതെ വിട്ടു.
കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കു ആർട്ടിക്കിൾ 123 പ്രകാരമുള്ള കുറ്റത്തിന് മൂന്ന് മാസം, ആർട്ടിക്കിൾ 121 പ്രകാരമുള്ള കുറ്റത്തിന് രണ്ടാമത്തേക്ക് ആറുമാസം, ആർട്ടിക്കിൾ 367 പ്രകാരമുള്ള കുറ്റത്തിന് ഒരു വർഷം, സൈബർ ക്രൈം നിയമം ആർട്ടിക്കിൾ 19 പ്രകാരമുള്ള കുറ്റത്തിന് ഒരു വർഷം എന്നിങ്ങനെയാണ് ശിക്ഷ. സന്ദേശങ്ങൾ പ്രചരിപ്പിക്കുകവഴി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനും ഒന്നിലധികം കുറ്റങ്ങളിൽ ഉൾപ്പെട്ടവർക്ക് കർശനമായ ശിക്ഷ നടപ്പാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും നിർദേശിച്ചു.
2025 ഡിസംബർ 25ന് വൈകുന്നേരം ദാഖിലിയ്യ ബിദ്ബിദ് വിലായത്തിലെ സഅൽ പ്രദേശത്തെ കമ്പനിയുടമസ്ഥതയിലുള്ള താമസസമുച്ചയത്തിന് സമീപം പ്രതികൾ സംഘം ചേരുകയും സ്വത്തുക്കൾ നശിപ്പിക്കുകയും കലാപാഹ്വാനം നടത്തുകയുമായിരുന്നെന്ന റോയൽ ഒമാൻ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷൻ വാദം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ അക്രമങ്ങൾക്കായി സംഘടിച്ചതായും കമ്പനിയുടെ സൗകര്യങ്ങളും വസ്തുക്കളും നശിപ്പിച്ചതായും കമ്പനിയുടെ ബസുകൾക്ക് കേടുപാടുകൾ വരുത്തിയതായും കണ്ടെത്തി. പിരിഞ്ഞുപോകാനും അക്രമം അവസാനിപ്പിക്കാനും നൽകിയ നിർദേശം അവഗണിച്ചതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

