ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 1000 റിയാൽവരെ പിഴ ചുമത്തും
text_fieldsമസ്കത്ത്: ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ കമ്പനികൾക്കെതിരെ ആയിരം റിയാൽവരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്നുമുതൽ നടപ്പിൽവരുന്ന ഉച്ചവിശ്രമ നിയമം നടപ്പാക്കാൻ കമ്പനികളെ ഉണർത്തിക്കൊണ്ടുള്ള അറിയിപ്പിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ ഒന്നുമുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. കനത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടുത്ത വേനൽച്ചൂടിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് ഉച്ചവിശ്രമ നിയമംകൊണ്ട് ലക്ഷ്യമിടുന്നത്. ഈ നിയന്ത്രണം പാലിക്കാൻ എല്ലാ ബിസിനസ് ഉടമകളും തയാറാകണം. നിശ്ചിത സമയങ്ങളിൽ തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. 500 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താരതമ്യേന വളരെ വൈകിയാണ് രാജ്യത്ത് ചൂട് ശക്തമായി തുടങ്ങിയത്. ന്യൂനമർദത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഇതാണ് ചൂടിന്റെ ആഘാതം കുറക്കാൻ സഹായകമായത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിലായത്തുകളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

