മൂന്നു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 886 കേസുകൾ
text_fieldsമസ്കത്ത്: കഴിഞ്ഞ മൂന്നുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 886 മത്സ്യബന്ധന നിയമ ലംഘനങ്ങൾ. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കാത്തതിന് 297 കേസുകളാണ് എടുത്തിരിക്കുന്നത്. മത്സ്യബന്ധന ലൈസൻസുമായി ബന്ധപ്പെട്ട് 108 ലംഘനങ്ങളും കണ്ടെത്തി. മറൈൻ ഫിഷിങ് നിയമത്തിന്റെയും മറ്റും വ്യവസ്ഥകൾ ലംഘിച്ചതിന് 14 വിദേശികളെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലായി ബോട്ടുകൾ, എൻജിനുകൾ, വലകൾ, ട്രാക്കിങ് ഉപകരണങ്ങൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 279 ഇനങ്ങൾ പിടിച്ചെടുത്തു. 3739.3 കിലോഗ്രം മത്സ്യം കണ്ടു കെട്ടുകയും ചെയ്തു.
നവംബറിൽ 317 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 45 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ലൈസൻസ് ചട്ടങ്ങൾ തെറ്റിച്ചതിന് 208 കേസുകളും എടുത്തു. ബോട്ടുകൾ, എൻജിനുകൾ, വലകൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ 207 ഇനങ്ങളാണ് പിടിച്ചെടുത്തത്. ആകെ 276.7 കിലോഗ്രാം മത്സ്യം കണ്ടുകെട്ടുകയും ചെയ്തു. സെപ്റ്റംബറിൽ 272 കേസുകളാണ് എടുത്തിരിക്കുന്നത്. 46 വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളാണ് വിവിധ ഗവർണറേറ്റുകളിൽ ഫിഷറീസ് കൺട്രോൾ ടീം അടുത്തിടെ എടുത്തുകൊണ്ടിരിക്കുന്നത്. ജനുവരി 18ന് മന്ത്രാലയത്തിലെ ഫിഷറീസ് കൺട്രോൾ ടീം നിരവധി മത്സ്യത്തൊഴിലാളികളെ നിയമം ലംഘിച്ചതിനും അനധികൃത വല ഉപയോഗിച്ചതിനും അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 10ന് അൽ വുസ്ത ഗവർണറേറ്റിലെ മാഹൗട്ടിലെ വിലായത്തിൽനിന്ന് 14 അനധികൃത വലകൾ പിടിച്ചെടുത്തു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് മാഹൗട്ട് പൊലീസ്സ്റ്റേഷന്റെ പിന്തുണയോടെയാണ് പിടിച്ചെടുത്തത്.
നിരോധന കാലയളവിൽ ചെമ്മീൻ പിടിച്ചതിനെതിരെയുള്ള നടപടിയും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ 26ന് ദോഫാറിലെ ധൽകുട്ട് വിലായത്തിൽ നിരോധിത കാലയളവിൽ ചെമ്മീനുകൾ പിടിച്ചതിന് രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാർഡ് പൊലീസ്, ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീമുമായി സഹകരിച്ചാണ് ഇവരെ പിടികൂടുന്നത്. ചെമ്മീനുകൾ കണ്ടുകെട്ടുകയും ഇവർക്കെതിരെ നിയമ നടപടികൾ എടുക്കുകയും ചെയ്തു.
22ന് അൽ വുസ്തയിലെ ഫിഷറീസ് കൺട്രോൾ ടീം ദുകം വിലായത്തിൽനിന്ന് ലൈസൻസില്ലാത്ത മൂന്നു മത്സ്യബന്ധന ബോട്ടുകളും അനധികൃത വലകളും പിടിച്ചെടുത്തു. 20ന് ഹലാനിയത്ത് ദ്വീപിന് സമീപം അറബിക്കടലിൽ അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനത്തിലേർപ്പെട്ട അഞ്ചു ബോട്ടുകളും ദോഫാറിലെ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. ഡിസംബർ ഒന്നുമുതൽ ആഗസ്റ്റ് 31വരെ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്മീനുകളുടെ പ്രജനന കാലയളവും വളർച്ചയും പരിഗണിച്ചാണ് ഈ മാസങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മത്സ്യബന്ധന നിയമം എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. മത്സ്യബന്ധന ബോട്ടുകളെ പിന്തുടരുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

