ഉപഭോക്തൃ സംരക്ഷണ നിയമലംഘനം
text_fieldsമസ്കത്ത്: ഉപഭോക്തൃ അവകാശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബുറൈമിയിലെ ഒരു നിർമാണ -ഡെക്കറേഷൻ സ്ഥാപനം ആറ് മാസത്തേക്ക് അടച്ചിടാനും 600 ഒമാനി റിയാൽ പിഴ ചുമത്താനും ബുറൈമി പ്രാഥമിക കോടതി ഉത്തരവിട്ടു. സിവിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസ് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറാനും കോടതി നിർദേശിച്ചു.
ബുറൈമി ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) വകുപ്പിൽ ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. മുൻകൂർ കരാറും തയാറാക്കി പണം പൂർണമായി അടക്കുകയും ചെയ്തിട്ടും നിർമാണവും പെയിന്റിങ് ജോലികളും പൂർത്തിയാക്കാൻ സ്ഥാപനം പരാജയപ്പെട്ടെന്നായിരുന്നു പരാതി.
പ്രശ്നം സൗഹൃദപരമായി പരിഹരിക്കാൻ തുടക്കത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫിസർ ഇടപെട്ട്, ഒരാഴ്ചക്കകം ജോലികൾ പൂർത്തിയാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പും സ്ഥാപനത്തിൽനിന്ന് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഇതും പാലിക്കപ്പെട്ടില്ല. തുടര്‍ ഫോളോ-അപ്പുകള്‍ ഫലപ്രദമായില്ല. ഇതോടെ കേസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.
പരിശോധനയിൽ, സേവനങ്ങൾ ശരിയായ രീതിയിൽ നൽകുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ (ഉത്തരവ് നമ്പർ 66/2014) 20, 23 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് സി.പി.എ അറിയിച്ചു.
ഉപഭോക്താക്കൾ ഔദ്യോഗികമായി അംഗീകരിച്ച ചാനലുകൾ വഴി പരാതികൾ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

