അധികൃതരുടെ നിർദേശം ലംഘിക്കുന്നത് അപകട ഇൻഷുറൻസ് നഷ്ടപരിഹാരം തടയും
text_fieldsമസ്കത്ത്: വാദികളിൽ മനപൂർവം പ്രവേശിക്കുന്നതും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതും അപകടമുണ്ടായാൽ ഇൻഷുറൻസ് നഷ്ടപരിഹാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
സമഗ്ര പരിരക്ഷയും തേർഡ് പാർട്ടി പരിരക്ഷയും ഉൾപ്പെടുന്ന ഏകീകൃത വാഹന ഇൻഷുറൻസ് പോളിസിയിൽ പ്രകൃതി ദുരന്തങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും (ആലിപ്പഴ വർഷം, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ) എന്നിവക്കുമുള്ള പരിരക്ഷ നൽകുന്നതായി അതോറിറ്റി വ്യക്തമാക്കി. എന്നാൽ, ജീവനും വാഹനങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ പോളിസി ഉടമ സ്വീകരിക്കേണ്ടതുണ്ടെന്നും വാദികൾ കടക്കുന്നതുപോലുള്ള അപകടകരമായ പ്രവൃത്തികൾ ഒഴിവാക്കണമെന്നും അതോറിറ്റി നിർദേശിക്കുന്നു. റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വാദികൾ മനഃപൂർവം കടക്കുന്നതും നിർദ്ദേശങ്ങൾ ലംഘിക്കുന്നതും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരാവകാശം നഷ്ടപ്പെടാൻ കാരണമാകും.
അതേസമയം, വാഹന ഉടമയുടെ ഉദ്ദേശപൂർവമായ പ്രവർത്തനത്തെ തുടർന്ന് വാദികളിൽ വാഹനങ്ങൾ മുങ്ങിയാൽ, അല്ലെങ്കിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ വാഹനം വാദിയിൽ പാർക്ക് ചെയ്താൽ, ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
വാദികൾ സംബന്ധിച്ച മുന്നറിയിപ്പ് ലംഘിക്കുന്നത് നിയമ നടപടിക്കുമിടയാക്കും. ഒമാൻ ട്രാഫിക് നിയമത്തിലെ വകുപ്പ് 49/8 പ്രകാരം, ‘സ്വജീവിതത്തിനും യാത്രക്കാരുടെയും മറ്റു ആളുകളുടെയും ജീവനും അപകടമുണ്ടാക്കുന്ന രീതിയിൽ ഡ്രൈവർ വാദികളിൽ മനഃപൂർവം കടക്കുകയാണെങ്കിൽ, പരമാവധി മൂന്ന് മാസം വരെ തടവും 500 ഒമാൻ റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും’ എന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

