വിനിമയ നിരക്ക് ഒമാൻ റിയാലിന് 180.50 രൂപ; കൂടുതൽ താഴില്ലെന്ന് വിദഗ്ധർ
text_fieldsമസ്കത്ത്: എണ്ണ വിലയിടിവ് അടക്കമുള്ള കാരണങ്ങളാൽ ഇന്ത്യൻ രൂപ ശക്തമായതോടെ വിനിമയ നിരക്ക് ഒമാൻ റിയാലിന് 180.50 രൂപ എന്ന നിരക്കിൽ. വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഇതേ നിരക്കുതന്നെയാണ് ശനി, ഞായർ ദിവസങ്ങളിലും പണവിനിമയ സ്ഥാപനങ്ങൾ നൽകുക. വെള്ളിയാഴ്ച രാവിലെ റിയാലിന് 181 രൂപ നൽകിയിരുന്നു. വിനിമയനിരക്ക് ഉയർന്ന് ഒക്ടോബർ 11ന് സർവകാല റെേക്കാഡായ റിയാലിന് 193.30 രൂപ വരെ എത്തിയിരുന്നു. ഇതിനുശേഷം രൂപ ക്രമേണ ശക്തമായി. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലെ കുറഞ്ഞ വിനിമയ നിരക്കാണ് െവള്ളിയാഴ്ച ലഭിച്ചത്. എന്നാൽ, പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിനിമയ നിരക്ക് ഇനി വല്ലാതെ കുറയാൻ ഇടയില്ലെന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
സർവകാല റെക്കോഡെത്തിയ ശേഷം നവംബർ ആദ്യം മുതൽ വിനിമയ നിരക്ക് താഴേക്ക് വരുകയായിരുന്നു. നവംബറിൽ വിനിമയ നിരക്ക് ഉയർന്നതേയില്ല. എണ്ണവിലയിലുണ്ടായ ഇടിവാണ് രൂപ ശക്തിപ്രാപിക്കാൻ പ്രധാന കാരണം. കഴിഞ്ഞ കുറെ മാസങ്ങളായി എണ്ണ വില കുറഞ്ഞുവരുകയായിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ വെള്ളിയാഴ്ച ബാരലിന് 58.95 ഡോളറായിരുന്നു വില. അടുത്ത വർഷം മുതൽ പലിശനിരക്ക് കൂട്ടില്ലെന്ന അമേരിക്കൻ ഫെഡറൽ റിസർവ് മേധാവിയുടെ പ്രഖ്യാപനവും അമേരിക്കൻ ഡോളറിനെ പ്രതികൂലമായി ബാധിച്ചു. ഇതോടെ പാകിസ്താൻ ഒഴികെ എല്ലാ രാജ്യങ്ങളുടെയും കറൻസികൾ ശക്തിപ്രാപിച്ചു. ഇന്ത്യൻ രൂപക്കൊപ്പം ജപ്പാൻ ചൈനീസ് കറൻസികളും യൂറോയും ശക്തമായി. എണ്ണ വില കുറയാൻ തുടങ്ങിയതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ മാർക്കറ്റിൽ വീണ്ടും നിക്ഷേപമിറക്കാൻ തുടങ്ങിയത് ഒാഹരി വിപണി ശക്തമാവാനും കാരണമായിട്ടുണ്ട്.
വിനിമയ നിരക്ക് വല്ലാതെ താഴേക്ക് പോവാൻ സാധ്യതയില്ലെന്നും അടുത്തദിവസങ്ങളിൽ 179നും 182നും ഇടയിലായിരിക്കും നിരക്കെന്നും ഗ്ലോബൽ എക്സ്ചേഞ്ച് ജനറൽ മാനേജർ മധുസൂദനൻ പറഞ്ഞു. റിയാലിന് 180 രൂപ എന്നത് പ്രവാസികൾക്ക് ലഭിക്കുന്ന ന്യായമായ നിരക്കാണ്. എന്നാൽ, ഒക്ടോബർ 11ന് ലഭിച്ച സർവകാല റെേക്കാഡായ 193 രൂപ അടുത്തൊനും ലഭിക്കാൻ സാധ്യതയില്ല. നിലവിലെ അവസ്ഥയിൽ എണ്ണവില വല്ലാതെ ഉയരാൻ സാധ്യതയില്ലാത്തതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ആദ്യത്തിൽ 164 രൂപ ആയിരുന്നു വിനിമയ നിരക്ക്. ക്രമേണ വർധിച്ച് മേയ് 23ന് 177 രൂപയിലെത്തുകയായിരുന്നു. പിന്നീട് കുറയുകയും ഉയരുകയുമൊക്കെ ചെയ്ത് ആഗസ്റ്റ് 14ന് 180 കടക്കുകയായിരുന്നു. പിന്നീട് വിനിമയനിരക്ക് പെെട്ടന്ന് വർധിക്കുകയും ഒക്േടാബർ മൂന്നിന് 190 കടക്കുകയും ചെയ്തു. ഒക്ടോബർ 11ന് 193.30 എന്ന സർവകാല റെേക്കാഡിലെത്തി. എന്നാൽ, ഒക്ടോബർ 31 മുതൽ വിനിമയനിരക്ക് ദിവസേന താഴേക്ക് വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
