പച്ചക്കറി സീസൺ അവസാനിക്കുന്നു വില വർധിക്കും
text_fieldsമസ്കത്ത്: ഒമാൻ പച്ചക്കറി സീസൺ ഈ മാസാവസാനത്തോടെ പൂർണമായി അവസാനിക്കും. പല പച്ചക്കറി ഉൽപന്നങ്ങളുടെയും സീസൺ അവസാനിച്ചിട്ടുണ്ട്. തക്കാളി അടക്കം ഏതാനും ഒമാനി കാർഷിക ഉൽപന്നങ്ങളാണ് ഇപ്പോൾ മാർക്കറ്റിലുള്ളത്. മേയ് അവസാനത്തോടെ ജോർഡൻ, ഇറാൻ, ഈജിപ്ത്, ഇന്ത്യ, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറികളാണ് വിപണിയിലുണ്ടാവുക.
ഇവ മാർക്കറ്റിലെത്തുന്നതോടെ മുൻ വർഷത്തെക്കാൾ വില വർധിക്കുമെന്ന് ഇറക്കുമതി മേഖലയിലുള്ള വ്യാപാരികൾ പറയുന്നു.
ചൂട് കനത്തതോടെ നിരവധി ഒമാനി ഉൽപന്നങ്ങൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. കാബേജ്, കസ്സ്, കൂസ, കോളി ഫ്ലവർ, കാപ്സിക്കം എന്നിവയുടെ സീസണാണ് അവസാനിച്ചത്. തക്കാളി, വഴുതനങ്ങ, വെണ്ട, പയർ, കക്കിരി, ചുവന്ന കാബേജ്, പാവക്ക, കുമ്പളം എന്നിവയുടെ സീസൺ പൂർണമായി അവസാനിച്ചിട്ടില്ല. എന്നാൽ എതാനും ദിവസങ്ങൾക്കുള്ളിൽ ഇവയുടെയെല്ലാം ഉൽപാദനം അവസാനിക്കും. ഇതോടെ പച്ചക്കറി ഇനങ്ങളുടെ വിലയും വർധിക്കും.
നിലവിൽ മൊത്ത വ്യാപാര മാർക്കറ്റിൽ തക്കാളിക്ക് 1.200 റിയാൽ, വെണ്ട 3.500, വഴുതന 2.400, പയർ 2.600, കക്കിരി 3.800, പാവക്ക 4.800, കദ്ദ 1.500, കുമ്പളം 3.000 റിയാൽ എന്നിങ്ങനെയാണ് കാർട്ടിന്റെ വില.
സീസൺ അവസാനിക്കുന്നതോടെ പച്ചക്കറി വില മുൻ വർഷത്തെക്കാൾ 20 ശതമാനമെങ്കിലും ഉയരാൻ സാധ്യതയുണ്ടെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ഗതാഗതം അടക്കം ചെലവുകൾ വർധിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. കാർഷിക ചെലവ് എല്ലാ രീതിയിലും ഉൽപാദന രാജ്യങ്ങളിൽ വർധിച്ചിട്ടുണ്ട്. തൊഴിൽ നിരക്കുകൾ, വളം, കീടനാശിനി എന്നിവയുടെ നിരക്കുകളും ഗണ്യമായി വർധിച്ചതായും അദ്ദേഹം പറഞ്ഞു.
ചൂട് കാലത്ത് ഒമാനിൽ ഗ്രീൻ ഹൗസുകളിൽ ചില കാർഷിക ഉൽപന്നങ്ങൾ കൃഷി ചെയ്യാറുണ്ട്. കക്കിരി, പാവക്ക, നീണ്ട ബീൻസ് എന്നിവയാണ് തുടങ്ങിയവയാണ് ഗ്രീൻ ഹൗസുകളിൽ കാര്യമായി കൃഷി ചെയ്യുന്നത്.
എന്നാൽ ചൂട് വർധിക്കുന്നതോടെ കൃഷിയുടെ ചെലവ് വർധിക്കും. വൈദ്യുതി ചാർജ് അടക്കമുള്ള ചെലവുകൾ വർധിക്കുന്നത് കാരണം ഇത്തരം ഉൽപന്നങ്ങളുടെ വില ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

