‘വയലാർ സ്മൃതി കാവ്യസന്ധ്യ’ സുഹാറിൽ സമാപിച്ചു
text_fieldsസോഹാർ ലിറ്റററി ഫോറത്തിന്റെ ലോഗോ പ്രകാശനം ശരത്ചന്ദ്രവർമ നിർവഹിക്കുന്നു
സുഹാർ: വയലാർ രാമവർമയുടെ കവിതകളെ ആധാരമാക്കി 'വയലാർ സ്മൃതി കാവ്യസന്ധ്യ’ എന്ന പേരിൽ സംഘടിപ്പിച്ച കവിതാലാപന മത്സരവും സാംസ്കാരിക സമ്മേളനവും സുഹാർ പാം ഗാർഡൻ ക്ലാസിക് വില്ലാ ഹാളിൽ സംഘടിപ്പിച്ചു.
ചടങ്ങിലെ മുഖ്യാതിഥിയായി വയലാറിന്റെ മകനും പ്രശസ്ത മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമ പങ്കെടുത്തു. സോഹാർ ലിറ്റററി ഫോറത്തിന്റെ പ്രഥമ സുവർണ തൂലിക അവാർഡും കാഷ് പ്രൈസും ശരത്ചന്ദ്രവർമക്ക് പ്രമുഖ പ്രവാസി സാഹിത്യകാരൻ കെ.ആർ.പി വള്ളികുന്നം വേദിയിൽ സമ്മാനിച്ചു. തുടർന്ന് ഫോറത്തിന്റെ ലോഗോ പ്രകാശനം ശരത്ചന്ദ്രവർമ നിർവഹിച്ചു.
വയലാർ പാട്ടുകളുടെ ആലാപനവും വയലാർ കവിതകളെ അടിസ്ഥാനമാക്കി ഒരുക്കിയ നൃത്തശിൽപവും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായി. സാഹിത്യവും സംഗീതവും നൃത്തവും ഒരുമിച്ചു ചേർന്ന പരിപാടി പ്രേക്ഷകർക്ക് മനോഹരമായ ദൃശ്യ ശ്രാവ്യ അനുഭവമായി.
കെ.ആർ.പി. വള്ളിക്കുന്നം അധ്യക്ഷത വഹിച്ചു. ഡോ. റോയി പി. വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനത്തിൽ മനോജ് കുമാർ, രാമചന്ദ്രൻ താനൂർ, ഡോക്ടർ. ഗിരീഷ്നാവാത്ത്, സജീഷ് ജി. ശങ്കർ വാസുദേവൻ നായർ, ഹരികുമാർ എന്നിവർ ആശംസകൾ നേർന്നു. ചന്തു മിറോഷിന്റെ ഇടക്കയുടെ പശ്ചാത്തലത്തിൽ നടന്ന കവിതാലാപന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി മത്സരാർഥികൾ പങ്കെടുത്തു.
വിജയികൾ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ) : സീനിയർ വിഭാഗം- അഭിജിത്ത് നാരായൻ കെ.എം, മോഹൻരാജ് മേളത്ത്, വിഷ്ണു ശ്രീകുമാർ. ജൂനിയർ വിഭാഗം- സയാൻ സന്ദേശ്, ആരവ് ധനിൽ, ദിയ ആർ നായർ. മത്സരങ്ങളിൽ വിജയികളായ ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരാർഥികൾക്ക് വയലാർ ശരത്ചന്ദ്രവർമ സർട്ടിഫിക്കറ്റും ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. സി.കെ. സുനിൽകുമാർ സ്വാഗതവും ജിമ്മി സാമുവൽ നന്ദിയും പറഞ്ഞു. വയലാർ രാമവർമയുടെ സമ്പന്നമായ സാഹിത്യ പൈതൃകത്തെ അനുസ്മരിപ്പിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്ത ഈ സാംസ്കാരിക സംഗമം ഏറെ പ്രശംസ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

