യു.എ.ഇയിലെ വാറ്റ്: ഒമാൻ ചരക്കുകടത്ത് മേഖലയിൽ ആശങ്ക
text_fieldsമസ്കത്ത്: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിലാകുന്നത് ഒമാനിലെ ചരക്കുകടത്ത് മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്ക. വാറ്റ് പ്രാബല്യത്തിലാകുന്നതോടെ ഒമാനിലെ ചെറുകിട വ്യാപാരികൾ യു.എ.ഇ മൊത്തവ്യാപാര മാർക്കറ്റിൽനിന്ന് ഉൽപന്നങ്ങൾ എടുക്കുന്നത് കുറയുമെന്നതിനാൽ ചരക്കുകടത്തിലും ഗണ്യമായ കുറവ് വരുമെന്നതാണ് ആശങ്കക്ക് കാരണം.
ഒമാനിലെ ചെറുകിട വ്യാപാരികളിൽ പലർക്കും യു.എ.ഇയിൽ കയറ്റുമതി ലൈസൻസില്ല. അതിനാൽ, ഇവർ യു.എ.ഇയിൽനിന്ന് ചരക്കെടുക്കുേമ്പാൾ അഞ്ച് ശതമാനം വാറ്റ് നൽകേണ്ടി വരും. അതേസമയം, യു.എ.ഇയിൽനിന്ന് ലൈസൻസോടെ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വാറ്റ് ബാധകമല്ല. അതിനാൽ, വാറ്റ് ഉൾപ്പെടെയുള്ള വിലയിൽ ഒമാനിൽ സാധനങ്ങൾ വിൽക്കാൻ കഴിയില്ല.
അതേസമയം, ഒമാനിലും അഞ്ച് ശതമാനം വാറ്റ് നടപ്പാക്കുന്നതോടെ ഇൗ പ്രശ്നം പരിഹരിക്കപ്പെടും. 2019ലാണ് ഒമാനിൽ വാറ്റ് നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, ചരക്കുകടത്ത് മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒരു വർഷത്തിനുേശഷം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.ദുബൈയിൽനിന്ന് റോഡ്മാർഗം ഒമാനിലേക്ക് ചരക്ക് കൊണ്ടുവരുന്ന നിരവധി ട്രാൻസ്പോർട്ട് കമ്പനികൾ രാജ്യത്തുണ്ട്. മലയാളികൾ ഏറെ പ്രവർത്തിക്കുന്ന മേഖല കൂടിയാണിത്. പുതു വർഷത്തിൽ യു.എ.ഇയിൽ ആരംഭിക്കുന്ന വാറ്റ് ചരക്കുനീക്കത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇൗ മേഖലയിലുള്ളവർ.
ഒമാനിൽ 2019 വരെ വാറ്റ് നടപ്പാക്കില്ല
മസ്കത്ത്: രാജ്യത്ത് 2019 വരെ മൂല്യവർധിത നികുതി നടപ്പാക്കില്ലെന്ന് ഒമാൻ സാമ്പത്തിക മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പുകയില, ആൽക്കഹോൾ തുടങ്ങിയ തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 2018 മധ്യത്തോടെ പ്രത്യേക നികുതി ഏർപ്പെടുത്തും. മറ്റു ജി.സി.സി രാജ്യങ്ങളുടേതിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് 2017ലെ ഒമാൻ ബജറ്റിൽ വ്യക്തമാക്കിയിരുന്നു. എണ്ണവിലയിലുണ്ടായ ഇടിവ് കാരണം വരുമാനക്കുറവ് പരിഹരിക്കാൻ സർക്കാൻ ക്രമേണയുള്ള സാമ്പത്തിക ക്രമീകരണ നയം നടപ്പാക്കുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.

വാറ്റ് നടപ്പാക്കുന്നതോടെ ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദന വളർച്ച (ജി.ഡി.പി) 1.5 ശതമാനം മുതൽ രണ്ട് ശതമാനം വരെ വർധിപ്പിക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര മോണിറ്ററിങ് ഫണ്ട് (െഎ.എം.എഫ്) വിലയിരുത്തിയിട്ടുണ്ട്. എണ്ണേതര ഉൽപന്നങ്ങളിൽ മാത്രം 2.5 ശതമാനം മുതൽ 3.5 ശതമാനം വരെ ജി.ഡി.പി പ്രതീക്ഷിക്കാമെന്നും കണക്കുകൂട്ടലുണ്ട്. ജി.സി.സി രാജ്യങ്ങൾ ആധുനിക നികുതി ഘടന സ്വീകരിക്കണമെന്ന് നികുതി പരിഷ്കരണ റിേപ്പാർട്ടിൽ െഎ.എം.എഫ് വ്യക്തമാക്കുന്നു. വാറ്റിനോടൊപ്പം എക്സൈസ് നികുതി, വ്യാപാര ആദായ നികുതി തുടങ്ങിയവയും ചേർത്താണ് ഇത് നടപ്പാക്കേണ്ടതെന്നും െഎ.എം.എഫ് നിർദേശിക്കുന്നു.
ദിവസേന നൂറുകണക്കിന് ലോറികളാണ് ഒമാനിലെ മൂന്ന് അതിർത്തി ചെക്പോസ്റ്റുകൾ വഴി ദുബൈയിൽനിന്ന് ചരക്കുകൾ കൊണ്ടുവരുന്നത്. ഹത്ത ബജാജാ, കത്തുമത് മൽഹ, ബുറൈമിയിലെ വാദിജിസി എന്നീ ചെക്പോസ്റ്റുകൾ വഴി പതിനായിരക്കണക്കിന് ടൺ സാധനങ്ങളുടെ നീക്കമാണ് ദിനംപ്രതി നടക്കുന്നത്.
ഒമാനിലെ ചെറുകിട കച്ചവടക്കാർ ദുബൈയിലെത്തി തങ്ങളുടെ സ്ഥാപനത്തിലേക്ക് ആവശ്യമുള്ള വിൽപന ഉൽപന്നങ്ങൾ മൊത്തക്കച്ചവടക്കാരിൽനിന്ന് ശേഖരിച്ച് ട്രാൻസ്പോർട്ട് കമ്പനികൾ മുഖേന അയക്കുകയാണ് ചെയ്തുവരുന്നത്.
വണ്ടിനമ്പറും പാർക്കിങ് സ്ഥലവും പറഞ്ഞുകൊടുക്കുന്നതോടെ ദുബൈയിലെ മൊത്തക്കച്ചവടക്കാർ സാധനങ്ങൾ പാക്ക് ചെയ്ത് വണ്ടികളിൽ എത്തിക്കുന്നു.
പിറ്റേന്ന് പുലർച്ചെ ഒമാനിലുള്ള സ്ഥാപനത്തിന് മുന്നിൽ സാധനങ്ങൾ എത്തും. വർഷങ്ങളായി ഈ മേഖലയിൽ മലയാളികളുടെ സാന്നിധ്യം കൂടുതലായുണ്ട്. പാകിസ്താനികളും മറ്റു രാജ്യക്കാരും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നു.പഴയ കാലത്ത് ദുബൈയിൽ പോയി സാധനങ്ങളെടുക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളുടെ വരവോടെ മാറ്റം വന്നിട്ടുണ്ട്. വാട്സ്ആപ് വഴി ഓഡർ ചെയ്ത് ഉൽപന്നങ്ങൾ എത്തിക്കുന്നവർ ഇപ്പോൾ ധാരാളമുണ്ട്. പുതിയ ഉൽപന്നം ദുബൈ വിപണിയിൽ എത്തിയാൽ ഫോേട്ടാ ഒമാനിലെ കച്ചവടക്കാർക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്ത് ഓർഡർ ശേഖരിക്കുന്ന രീതി വ്യാപകമാണ്.ഒമാനിലെ കച്ചവടക്കാർ ദുബൈയിൽനിന്ന് സാധനമെടുക്കുന്നതിൽ ഗണ്യമായ കുറവുവരുന്നത് ട്രാൻസ്പോർട്ട് കമ്പനികളെ േദാഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ലെന്ന് സീബിൽ വർഷങ്ങളായി ട്രാൻസ്പോർട്ട് കമ്പനി നടത്തുന്ന പാർട്ണർ അബ്ദുൽ സലാം പറഞ്ഞു. ജനുവരിക്കുമുമ്പ് പരമാവധി സാധനങ്ങൾ വാങ്ങി ഒമാനിലെത്തിക്കാൻ ബദ്ധപ്പെടുകയാണ് കച്ചവടക്കാർ. അതിനാൽ ചെക്പോയിൻറുകളിൽ ഒരാഴ്ചയായി ചരക്കുവാഹനങ്ങളുടെ നീണ്ടനിരയാണെന്ന് ഈ റൂട്ടിൽ വാഹനമോടിക്കുന്ന ഷിബു കടലായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
