വണ്ടിച്ചെക്ക് കേസുകൾ പെരുകുന്നു; ബിസിനസ് മേഖലയിൽ ആശങ്ക
text_fieldsമസ്കത്ത്: വണ്ടിച്ചെക്ക് നൽകി സ്ഥാപന ഉടമകൾ നാടുവിടുന്ന സംഭവങ്ങൾ പതിവായതോ ടെ ഒമാനിലെ ബിസിനസ് മേഖലയിൽ ആശങ്ക പടരുന്നു. മലയാളികളടക്കം നിരവധി സ്ഥാപന ഉടമകളാണ് കഴിഞ്ഞ മാസങ്ങളിലായി നാടുവിട്ടത്. ഷോപ്പിങ് സെൻററുകളും സൂപ്പർമാർക്കറ്റുകളുമടക്കം നടത്തിയിരുന്നവരാണ് മുങ്ങിയവരിൽ പലരും. ഇതോടെ ഇവർക്ക് സാധനങ്ങൾ നൽകിയ കമ്പനികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
പല കമ്പനികൾക്കും സാധനങ്ങൾ നൽകിയ വകയിൽ വലിയ തുകയാണ് ഇവരിൽ നിന്ന് കിട്ടാനുള്ളത്. ചെക്കുകൾ മടങ്ങിയതോടെ പലരും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. കുരുക്കിൽപെട്ട് കിടക്കുന്നവരിൽ പല വിതരണ, ഉൽപാദന കമ്പനികളുടെയും മലയാളികളടക്കം സെയിൽസ്മാന്മാരും ഉണ്ട്. വണ്ടിച്ചെക്കുകൾ പെരുകിയതോടെ ചെക്കിടപാടുകൾ ഏതാണ്ടെല്ലാ കച്ചവടക്കാരും നിർത്തിവെച്ചിരിക്കുകയാണ്. റൊക്കം പണം നൽകിയുള്ള ഇടപാടുകൾ മാത്രം മതിയെന്നാണ് കച്ചവടക്കാരുടെ നിലപാട്. കച്ചവടമില്ലെങ്കിലും ശരി കടത്തിൽ കുടുങ്ങാതിരുന്നാൽ മതിയെന്ന് ഇവർ പറയുന്നു. ബാങ്ക് ഗാരൻറിയുള്ള ചെക്കുകൾ മാത്രമാണ് സ്വീകരിക്കാൻ പാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
വടക്കൻ മലബാറിലെ പ്രമുഖ ഇടത് എം.എൽ.എയുടെ ജ്യേഷ്ഠ സഹോദരനാണ് ഏറ്റവുമൊടുവിൽ ഇങ്ങനെ ഒമാനിൽനിന്ന് മുങ്ങിയത്. പെട്രോൾ സ്റ്റേഷനുകളോട് ചേർന്ന് ഭക്ഷ്യോൽപന്നങ്ങളും മറ്റും വിൽക്കുന്ന സ്ഥാപന ശൃംഖല നടത്തിവരുകയായിരുന്നു ഇദ്ദേഹം. 10 വർഷം മുമ്പാണ് ഇദ്ദേഹവും കണ്ണൂർ സ്വദേശിയായ മറ്റൊരാളും വർക്കിങ് പങ്കാളികളായി ഇത് ആരംഭിച്ചത്. തലശ്ശേരിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമൊക്കെയായി ബിസിനസ് നടത്തുന്ന കുറച്ചു പേർക്കും ഇതിൽ നിക്ഷേപമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ വിവിധയിടങ്ങളിലായി 19 കടകളാണ് ഉണ്ടായിരുന്നത്. ഇൗ കടകളെല്ലാം തന്നെ അടച്ചുകഴിഞ്ഞു. ബാങ്കിലും വിവിധ കമ്പനികൾക്കുമായി ലക്ഷക്കണക്കിന് റിയാലിെൻറ ബാധ്യതയാണ് ഇദ്ദേഹത്തിനുള്ളതെന്നും അറിയുന്നു.
ഇൗ കടകളിലേക്ക് സാധനങ്ങൾ നൽകിയ വിവിധ ഉൽപാദന, വിതരണ കമ്പനികളുടെ സെയിൽസ്മാന്മാരും സാമ്പത്തിക കുരുക്കിലാണ്. എം.എൽ.എയുടെ ജ്യേഷ്ഠൻ ഒപ്പുവെച്ച ചെക്കുകളാണ് സാധനങ്ങളുടെ വിലയായി നൽകിയിരുന്നത്. ഇൗ ചെക്കുകൾ മടങ്ങിയതോടെ ആയിരക്കണക്കിന് റിയാലിെൻറ ബാധ്യത തങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് പലരും പറയുന്നു. ലഭിക്കുന്ന മുഴുവൻ ശമ്പളവും അടച്ചാലും വർഷങ്ങളോളം കഴിഞ്ഞാലേ പലരും ബാധ്യതകളിൽ നിന്ന് ഒഴിവാകുകയുള്ളൂ. ഇൗ സ്ഥാപനത്തിൽ പങ്കാളിയായിരുന്ന കണ്ണൂർ സ്വദേശി കഴിഞ്ഞ വർഷം തന്നെ നാട്ടിലേക്ക് മാറിയിരുന്നു. എം.എൽ.എയുടെ ജ്യേഷ്ഠൻ രണ്ടുമാസം മുമ്പാണ് കേരളത്തിലേക്ക് കടന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിച്ചെക്ക് നൽകി ലക്ഷത്തിലധികം റിയാലിെൻറ തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് കമ്പനികളുടെ പേരിൽ മസ്കത്തും സലാലയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പി.ഡി.ഒയുടേതടക്കം പ്രൊജക്ടുകളിലേക്കെന്ന് പറഞ്ഞാണ് ഇവർ പല സാധനങ്ങളും വാങ്ങിയത്. ചെക്കുകൾ മടങ്ങിയതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനികൾ അടച്ചുപൂട്ടി തട്ടിപ്പുകാർ രാജ്യം വിട്ടതായി കണ്ടെത്തിയത്. സ്പോൺസർമാരുടെ ചെക്കുകൾ ഉപയോഗിച്ച് വിസിറ്റിങ് വിസയിലെത്തിയ മലയാളികളാണ് തട്ടിപ്പ് നടത്തിയത്. രണ്ട് കമ്പനികളിലൊന്നിെൻറ സ്പോൺസറെ ഇൻറർപോളിെൻറ സഹായത്തോടെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തതായും അറിയുന്നു.
അൽ ഗൂബ്ര കേന്ദ്രമായുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉൽപന്ന വിപണന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് 78,000 റിയാലിെൻറ സാധനങ്ങളാണ് ഇവർ വാങ്ങിയത്. സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവായ ആലപ്പുഴ സ്വദേശി പ്രേമിെൻറ ചുമതലയിലാണ് സാധനം ഇവർക്ക് നൽകിയത്. മുഴുവൻ തുകയുടെ ബാധ്യതയും തെൻറ തലയിലായ അവസ്ഥയാണെന്ന് പ്രേം പറയുന്നു. കേസ് നടത്തിപ്പിനായി രണ്ടായിരം റിയാലോളം വേറെയും ചെലവായി. നാട്ടിൽ പോയി തട്ടിപ്പുകാരുടെ പാസ്പോർട്ട് വിലാസത്തിലും മറ്റും അന്വേഷിച്ചെങ്കിലും ആളില്ലായിരുന്നു. യു.എ.ഇയിലും ബഹ്റൈനിലും തട്ടിപ്പുകാർ പുതിയ പേരിൽ കമ്പനികൾ ആരംഭിച്ചതായി സൂചനയുണ്ടെന്നും പ്രേം പറഞ്ഞു.
വാട്ടർഫിൽറ്ററുകളും വാട്ടർ ഹീറ്ററുകളും മറ്റും വിൽപന നടത്തുന്ന മബേല കേന്ദ്രമായുള്ള അൽ അലായ ട്രേഡിങ് കമ്പനിക്ക് നഷ്ടമായത് 26,000ത്തിലധികം റിയാലിെൻറ സാധനങ്ങളാണ്. ഇവിടത്തെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി റോഷനാണ് ഇൗ ഇടപാടിൽ കുടുങ്ങിക്കിടക്കുന്നത്. നഷ്ടമായ തുക റോഷെൻറ ശമ്പളത്തിൽനിന്ന് പ്രതിമാസ തവണകളായി പിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
