വന്ദേഭാരത്: അടുത്ത ഘട്ടത്തിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് ഏഴ് സർവീസുകൾ
text_fields
മസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനിൽ നിന്നുള്ള ആറാം ഘട്ട വിമാന സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ 15 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 21 സർവീസുകളാണ് ഉള്ളത്. ഇതിൽ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്നാണ് മുഴുവൻ സർവീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സർവീസുകൾ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ് ഉള്ളത്.
സെപ്റ്റംബർ മൂന്നിനാണ് കേരളത്തിലേക്കുള്ള സർവീസ് തുടങ്ങുന്നത്. കണ്ണൂരിനാണ് ആദ്യ വിമാനം. അഞ്ചിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറിന് കോഴിക്കോടിനും വിമാനങ്ങളുണ്ട്. പത്തിനാണ് കണ്ണൂരിനുള്ള രണ്ടാമത്തെ സർവീസ്. 11ന് തിരുവനന്തപുരത്തിനും 13ന് കൊച്ചിയിലേക്കും സർവീസുകൾ ഉണ്ടാകും. ചെന്നൈ, ലഖ്നൗ, മുംബൈ, ദൽഹി, ബംഗളൂരു/മംഗളൂരു, ഹൈദരാബാദ്, വിജയവാഡ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.
യാത്രാസന്നദ്ധരായവർ https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewform എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

