പാട്ടിൻ താളത്തിൽ വൈബായി സലാല
text_fieldsഹാർമോണിയസ് കേരള സീസൺ സിക്സിന് മുന്നോടിയായി വെള്ളിയാഴ്ച അൽ വാദി ലുലു ഹൈപർ മാർക്കറ്റിൽ നടന്ന റോഡ്ഷോയിൽനിന്നുള്ള ദൃശ്യങ്ങൾ
ഡയാന ഹമീദ്
സലാല: മലയാളികൾ നെഞ്ചേറ്റിയ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ഗാനങ്ങളുമായി സിങ് ആൻഡ് വിൻ മത്സരം അരങ്ങു തകർത്തപ്പോൾ പാട്ടിൻ താളത്തിലലിഞ്ഞ് സലാല. ജനുവരി 30ന് വൈകീട്ട് സലാല അൽ മറൂജ് ആംഫി തിയറ്ററിൽ ഗൾഫ് മാധ്യമവും മി ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ ആറാം എഡിഷന് മുന്നോടിയായാണ് വെള്ളിയാഴ്ച വൈകീട്ട് അൽ വാദി ലുലു ഹൈപർ മാർക്കറ്റിൽ സിങ് ആൻഡ് വിൻ മത്സരം അരങ്ങേറിയത്.
മെലഡിയും സെമി ക്ലാസിക്കലും പിറന്ന രണ്ടാം റൗണ്ടിലെ ശക്തമായ മത്സരത്തിനൊടുവിലാണ് ജൂനിയർ, സീനിയർ കാറ്റഗറികളിലായി പത്തുപേർ അന്തിമഘട്ടത്തിൽ മാറ്റുരച്ചത്. എം.ജി ശ്രീകുമാർ പാടി ഹിറ്റായ പാട്ടുകളാണ് സിങ് ആൻഡ് വിൻ വേദിയിൽ പരിഗണിച്ചത്. പവിത്രം സിനിമയിലെ ‘വാലിൽമേൽ പൂവും വാലിട്ടെഴുതിയ വേൽമുനകണ്ണുമായി..’ എന്ന ഒ.എൻ.വി കുറുപ്പിന്റെ അപൂർവ ഗാനമാണ് ജൂനിയർ കാറ്റഗറിയിൽ നിയതി നമ്പ്യാർ പാടിയത്. ‘കണ്ടു ഞാൻ മിഴികളിൽ..’ പാട്ടുമായി റൈഹാനും ‘നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ...’ എന്ന ഗാനവുമായി മാളവികയും മറ്റു ഗാനങ്ങളുമായി വഫ, മീര എന്നിവരും വേദിയിലെത്തി.
സീനിയർ കാറ്റഗറിയിൽ അഥർവം സിനിമയിലെ ‘പൂവായ് വിരിഞ്ഞു...പൂന്തേൻ കിനിഞ്ഞു..’ പാട്ടുമായി ഷാസിയയും ‘സമയമിതപൂർവ സായാഹ്നം..’ പാടി ദേവിക മോഹനും ഹർഷയും ‘കണ്ടു ഞാൻ മിഴികളിൽ..’ എന്ന ഹിറ്റ് ഗാനവുമായി ആദിത്യയും ‘ചന്ദനമണി സന്ധ്യകളുടെ..’ എന്ന ഫാസ്റ്റ് നമ്പറുമായി ശ്രീറാമും കാണികളെ കൈയിലെടുത്തു. അന്തിമ വിജയികളെ ഹാർമോണിയസ് കേരള വേദിയിൽ പ്രഖ്യാപിക്കും. ഹാർമോണിയസ് കേരള സീസൺ സിക്സിന് മുന്നോടിയായി അരങ്ങേറിയ റോഡ്ഷോ നയിച്ച നടി ഡയാന ഹമീദ് തന്റെ അവതരണ മികവ് സലാലയുടെ മണ്ണിലും തെളിയിച്ചു. റോഡ്ഷോയിൽ വിവിധ മത്സരങ്ങളിലും ഫൺ ആക്ടിവിറ്റികളിലും പങ്കാളികളായതോടെ കുട്ടികൾ മുതൽ മുതിർന്നവർ കൈ നിറയെ സമ്മാനങ്ങൾ നേടി. ബാല താരങ്ങളുടെ ഗംഭീര കലാപ്രകടനങ്ങളും അരങ്ങേറി.
ജനുവരി 30ന് സലാലയിൽ അരങ്ങേറുന്ന ഹാർമോണലിസ് കേരള മെഗാ ഇവന്റിൽ നടി ഭാവന മുഖ്യാതിഥിയാവും. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ആദരമായി ‘മധുമയമായ് പാടാം’ എന്ന പ്രത്യേക പരിപാടി, മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ഷോ തുടങ്ങിയവ അരങ്ങേറും. ഗായകരായ നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ, ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവർ പാട്ടിന്റെ അകമ്പടിയിൽ വേദിയിലെത്തുമ്പോൾ ‘ഹാർമോണിയസ് കേരള’ സലാലയിൽ ആവേശത്തിര തീർക്കും.ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

