വാക്സിൻ ഉൗർജിതം; വിപണിയിൽ ഉണർവേകും
text_fieldsമസ്കത്ത്: കോവിഡ് മഹാമാരിക്കെതിരെ വാക്സിൻ വിതരണം ഉൗർജിതമാക്കി ഭരണകൂടം. വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കടക്കം സൗജന്യമായി നൽകുന്നുണ്ട്. താഴ്ന്ന വരുമാനമുള്ള നിരവധി തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ് സൗജന്യവാക്സിൻ.
വിവിധ കേന്ദ്രങ്ങളിലെത്തി ദിനേന നൂറുകണക്കിനാളുകളാണ് കുത്തിവെെപ്പടുക്കുന്നത്. വടക്കൻ ബാത്തിനയിൽ വിദേശികൾക്ക് ഞായറാഴ്ച മുതൽ ഓക്സ്ഫഡ് അസ്ട്രാസെനക്ക കോവിഡ് വാക്സിൻ നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു.
സോഹാറിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിൽനിന്ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണിവരെ വാക്സിൻ സ്വീകരിക്കാം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എടുക്കാനാവുക. റസിഡൻസ് കാർഡ് ഹാജരാക്കണം. തറാസൂദ് ആപ് വഴിയോ https://covid19.moh.gov.om എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
കൊറോണ വൈറസ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളുടെ സംരക്ഷണത്തിന് മൂന്നാം ഡോസ് കോവിഡ് വാക്സിന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ടാർജറ്റ് ഗ്രൂപ്പുകളും അതിനുള്ള പദ്ധതിയും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കും. നവംബർ ആദ്യവാരം മുതൽ അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ കൊടുക്കാനും തീരുമാനമായി.
നിലവിൽ രാജ്യത്ത് 12 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്. അംഗീകൃത വാക്സിൻ പട്ടികയിൽ ഇന്ത്യൻ നിർമിത കോവാക്സിനെയും കഴിഞ്ഞ ദിവസം ഒമാൻ ഉൾപ്പെടുത്തി.
ലക്ഷ്യമിട്ട ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 30,71,161ആളുകളാണ് ആദ്യ ഡോസ് വാക്സിൻ എടുത്തത്. രണ്ടു ഡോസ് കുത്തിവെെപ്പടുത്തത് 26,73,961 പേരാണ്. ഇത് 79 ശതമാനം വരും. അതേ സമയം, പത്തു ലക്ഷത്തിലധികം പേർ വാക്സിനെടുക്കാനുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
നവംബറിൽ രാജ്യത്ത് പുതിയ ടൂറിസ്റ്റ് സീസൺ തുടങ്ങുകയാണ്. നിലവിൽ മാർക്കറ്റുകളിലും വിപണികളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
സീസൺ കൂടിയാകുന്നതോടെ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. വ്യാപാരികളും പ്രതീക്ഷയോടെയാണ് സീസണിനെ കാത്തിരിക്കുന്നത്. സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പരമ്പരാഗത ചന്തകൾ അടക്കമുള്ളവ പുനരാരംഭിക്കാനും അനുമതി നൽകി.
ലേല ചന്തകൾ, തുറന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന പെരുന്നാൾ ചന്തകൾ, ഹപ്ത മാർക്കറ്റുകൾ എന്നിവയും ഇതിൽപെടും.
സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ച് നവംബർ ഒന്നു മുതൽ അഞ്ച് മുതൽ 11വരെ ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകൾ നടത്താൻ സുപ്രീം കമ്മിറ്റി അനുവാദം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

