മാളുകളിൽ വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി.
പ്രവേശനകവാടങ്ങളിൽ നിൽക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് അകത്ത് പ്രവേശിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുകൾ കാർഡ് രൂപത്തിലാക്കിയും ഫോണിൽ ഡൗൺലോഡ് ചെയ്തുമൊക്കെയാണ് ആളുകൾ കാണിക്കുന്നത്.
സംശയം വരുന്ന കേസുകളിൽ വാക്സിൻ സർട്ടിഫിക്കറ്റിെനാപ്പം റെസിഡൻറ് കാർഡും ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സർട്ടിഫിക്കറ്റുകളുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് സുരക്ഷജീവനക്കാർ ചെയ്യുന്നത്. ക്യു.ആർ സ്കാനിങ് പരിശോധന നടത്തുന്നില്ല. അതിനാൽ നടപടിക്രമങ്ങളിൽ വലിയ പ്രയാസമില്ലെന്നാണ് ഹൈപ്പർ മാർക്കറ്റ് മേഖലയിലുള്ളവർ പറയുന്നത്. പ്രവേശന കവാടത്തിലെ പരിശോധന കാരണം ചെറിയ തിരക്ക് അനുഭവപ്പെടുന്നതൊഴിച്ച് കാര്യമായ പ്രയാസങ്ങളൊന്നും ഇന്നലെ അനുഭവപ്പെട്ടിരുന്നില്ല. വാരാന്ത്യങ്ങളിലും മറ്റും കൂടുതൽ തിരക്ക് വരുേമ്പാൾ കാര്യങ്ങൾ മാറാൻ സാധ്യതയുണ്ട്.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതുകൊണ്ട് കാര്യമായ പ്രയാസം അനുഭവപ്പെടുന്നില്ലെന്നും നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ആദ്യ ദിവസമായ ബുധനാഴ്ച കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. സർട്ടിഫിക്കറ്റുകൾ ഉള്ളവർ മാത്രമാണ് ഇന്നലെ എത്തിയത്. ഇതിൽ ഭൂരിഭാഗവും ഫോണിൽ ഡൗൺലോഡ് ചെയ്തത് കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേപ്പറുകളിൽ കൊണ്ടുവരുന്നവരും ഉണ്ടായിരുന്നു. ചെറിയ ശതമാനം കാർഡ് രൂപത്തിൽ ആക്കുകയും ചെയ്തിരുന്നു.
സർട്ടിഫിക്കറ്റുകൾ കൊണ്ടുനടക്കുകയും പരിശോധിക്കുകയും ചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കരുതുന്നവരാണ് ചില വ്യാപാരികൾ. അതിനാൽ പൂർണമായ വാക്സിനേഷൻ നടപ്പാകുന്നതോടെ കാര്യങ്ങൾ സാധാരണ ഗതി പ്രാപിക്കുമെന്നും ഇവർ കരുതുന്നു.
യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ പരിശോധനക്ക് പ്രത്യേക ആപ് ആണുള്ളതെന്നും ഇവർ പറയുന്നു.
നിയമം കർശനമാക്കിയതോടെ എല്ലാവരും വാക്സിനേഷന് തയാറാവുന്നുണ്ട്. തിരക്ക് വർധിച്ചതോടെ വാക്സിന് ക്ഷാമവും അനുഭവെപ്പടുന്നുണ്ട്. അതോടൊപ്പം ഒമാനിൽ താമസ രേഖകളില്ലാതെ അനധികൃതമായി തങ്ങുന്നവർക്കും സർട്ടിഫിക്കറ്റ് പരിശോധന പ്രയാസമുണ്ടാക്കും. സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതോടെ വെട്ടിലായത് വാക്സിനേഷൻ ചെയ്യാത്തവരും അനധികൃതമായി ഒമാനിൽ തങ്ങുന്നവരുമാണ്. മാളുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശനവിലക്കുണ്ടായതോടെ ഇവർ താമസ ഇടങ്ങളിൽതന്നെ കഴിയേണ്ടിവരും. അത്യാവശ്യ സാധനങ്ങളും മറ്റും വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റുള്ളവരെ ആശ്രയിക്കേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

