സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷൻ അവസാന ഘട്ടത്തിലേക്ക്
text_fieldsവാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം
മസ്കത്ത്: രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷൻ അവസാന ഘട്ടത്തിലേക്ക്. 12നും 17നുമിടയിൽ പ്രായമുള്ള 3.05 ലക്ഷം വിദ്യാർഥികളാണ് സെപ്റ്റംബർ എട്ട് ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് വാക്സിൻ സ്വീകരിച്ചവർ. മുൻഗണന വിഭാഗത്തിലെ 90 ശതമാനമാണിത്. ഇതിൽ 28149 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
ഇതിനിടെ രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ആശ്വാസകരമായ കുറവ് തുടരുകയാണ്. 57 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 302924 ആയി. ഒരാൾ മാത്രമാണ് മരിച്ചത്.
ഇതോടെ ആകെ മരിച്ചവർ 4084 ആയി. 97 പേർക്കുകൂടി രോഗം ഭേദമായി. 293007 പേരാണ് രോഗമുക്തരായത്. പത്തുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.

