സലാല: കടുത്ത വേനലിലും ജലസമൃദ്ധമായ വാദി ദർബാത്തിൽ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷ മാക്കി സലാലയിലെ പ്രവാസികൾ.കഴിഞ്ഞ ഖരീഫ് കാലത്ത് രൂപംകൊണ്ട വെള്ളച്ചാട്ടങ്ങൾ ഈ വേനൽ ക്കാലത്തും സജീവമാണ്. മെക്ക്നു, ലുബാൻ ചുഴലിക്കാറ്റുകളെ തുടർന്ന് പെയ്ത മഴയാണ് ഇവിടത്തെ ജലസമൃദ്ധിക്ക് കാരണം. പെരുന്നാളിന് ലഭിച്ച അവധി ദിവസങ്ങളിൽ ഇവിടെ എത്തിയ സന്ദർശകരിൽ ഏറെയും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. അരുവിയിൽ കുളിച്ചും വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം നുകർന്നും കുടുംബങ്ങൾ ഉൾപ്പെടെ സന്ദർശകർ ഒഴിവുദിനങ്ങൾ ആസ്വാദ്യകരമാക്കി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സലാലയിൽ ഇക്കുറി പെരുന്നാൾ അവധിദിനങ്ങൾ കടുത്ത വേനലിലാണ് വിരുന്നെത്തിയത്. അതിനാൽതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. ഇതര ഗൾഫ് നാടുകളിൽ നിന്നുള്ള സന്ദർശകരും പൊതുവേ കുറവായിരുന്നു. ആഴ്ചകൾക്കുള്ളിൽ ഖരീഫ് മഴ തുടങ്ങുന്നതോടെ സലാലയിലെ വാദികളും അരുവികളും ജലസമൃദ്ധമാവുകയും ഭൂമി പച്ചയണിയുകയും ചെയ്യും.