മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബിെൻറ (യു.ടി.എസ്.സി) ആഭിമുഖ്യത്തിലുള്ള ഹോക്കി ടൂർണമെൻറ് ‘ഗൾഫ് ഹോക്കി ഫിയെസ്റ്റ-2018’ ഫെബ്രുവരി 23, 24 തീയതികളിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് ക്ലബിൽ നടക്കും. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ടൂർണമെൻറ് ഒരുക്കുന്നത്. ഒമാൻ ഹോക്കി അസോസിയേഷെൻറ സഹകരണത്തോടെ നടക്കുന്ന ടൂർണമെൻറിൽ 13 ടീമുകളാണ് പെങ്കടുക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സരങ്ങൾ ആരംഭിക്കുക. രാത്രി ഏഴിനാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ്. ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ക്യാപ്റ്റൻ ത്വാലിബ് അൽ വഹൈബിയാണ് ഉദ്ഘാടകൻ. കായികതാരവും യു.ടി.എസ്.സി തലശ്ശേരി വിങ് സെക്രട്ടറിയുമായ സിറാജുദ്ദീൻ, കായികതാരവും സാമൂഹികപ്രവർത്തകനുമായ മൊയ്തുവും പ്രത്യേക അതിഥികളായി പെങ്കടുക്കും. ഏഷ്യൻ ഹോക്കി ഫെഡറേഷെൻറ അംഗീകാരത്തോടെയുള്ള മത്സരങ്ങൾ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര അമ്പയർമാരാകും നിയന്ത്രിക്കുക. സാലിഹ് താച്ചർ കമേൻററ്റർ ആയിരിക്കും. ഇന്ത്യയിലെയും പാകിസ്താനിലെയും ഒമാനിലെയും പ്രമുഖ അന്താരാഷ്ട്ര ഹോക്കി താരങ്ങൾ ടീമുകൾക്കുവേണ്ടി സ്റ്റിക് ഏന്താൻ ഇക്കുറിയെത്തുന്നുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ടീം കൂർഗ് മസ്കത്ത്, ആതിഥേയരായ യു.ടി.എസ്.സി മസ്കത്ത് എന്നിവരെകൂടാതെ സൗദി സ്ട്രൈക്കേഴ്സ്, യങ്സ്റ്റാർ ബഹ്റൈൻ, നിസ്വ സ്പോർട്സ് ക്ലബ്, അൽസലാം സ്പോർട്സ് ക്ലബ് ലിവ, മസ്കത്ത് ഒാറഞ്ചിയേഴ്സ്, പാക് ഫാൽക്കൺസ്, ഒമാൻ വെറ്ററൻസ്, ഒ.എച്ച്.എ റെഡ്, ഒ.എച്ച്.എ -വൈറ്റ്, ഖത്തർ വാണ്ടറേഴ്സ്, ഹംഗറി ഹമൂർസ്-ബഹ്റൈൻ എന്നിവയാണ് ഹോക്കി ഫിയെസ്റ്റയിൽ പെങ്കടുക്കുന്ന ടീമുകൾ. ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയൻറ് നേടുന്ന രണ്ട് ടീമുകളും മികച്ച രണ്ട് ടീമുകളും ക്വാർട്ടർ ഫൈനലിൽ ഇടം നേടും. ലീഗ് മത്സരങ്ങൾ 23നും നോക്കൗട്ട് മത്സരങ്ങൾ 24നുമാണ്. ശനിയാഴ്ച രാത്രി 7.30നാണ് ഫൈനൽ ആരംഭിക്കുക.
പാചകമത്സരവും ഹോക്കി ഫിയെസ്റ്റയുടെ ഭാഗമായി നടക്കും. വിഭവസമൃദ്ധമായ തലശ്ശേരി വിഭവങ്ങൾ ലഭ്യമാകുന്ന കൗണ്ടറുകളും ഉണ്ടാകും. ലൈവ് ഡി.ജെ, സംഗീത പരിപാടികൾ, സ്പോട് ക്വിസ് തുടങ്ങി മറ്റു വിനോദ പരിപാടികളും ഉണ്ടാകും. ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ക്യാപ്റ്റൻ ത്വാലിബ് അൽവഹൈബി, യു.ടി.എസ്.സി പ്രസിഡൻറ് ഹാഷിർ പൊൻമാനിച്ചി, ടൂർണമെൻറ് കമേൻററ്റർ സാലിഹ് താച്ചർ, മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, മലബാർ ഗോൾഡ് പ്രതിനിധി മുഹ്സിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.