ആളില്ലാ പേടകങ്ങളുടെ ഉപയോഗം: പുതിയ മാർഗനിർദേശങ്ങൾ ശ്രദ്ധിക്കാം
text_fieldsമസ്കത്ത്: ആളില്ലാ പേടകങ്ങളുടെ (ഡ്രോണുകൾ) ഉപയോഗം സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇ-കോമേഴ്സ്, കാർഷികമേഖല, ഫോേട്ടാഗ്രഫി തുടങ്ങിയ മേഖലകളിൽ യുവ ഒമാനി സംരംഭകർക്ക് ഗുണപ്രദമായ വിധത്തിൽ ലൈസൻസിങ് നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് 18 വയസ്സ് ആയിരിക്കണം. ഒരു വർഷത്തേക്കാണ് ലൈസൻസ് നൽകുക. തുടർന്ന് ലൈസൻസ് പുതുക്കണം. ലൈസൻസ് കാലയളവിൽ സിവിൽ ബാധ്യതക്ക് ഇൻഷൂർ ചെയ്തിരിക്കണം. ഉപയോഗത്തിന് അനുസരിച്ച് ലൈസൻസിങ് ഫീസിൽ വ്യത്യാസമുണ്ടാകും. സിവിൽ ഉപയോഗങ്ങൾക്കായുള്ള അഞ്ചു കിലോയിൽ താഴെ ഭാരമുള്ള ഡ്രോണുകളുടെ വ്യക്തിഗത ലൈസൻസിന് 25 റിയാലാണ് ഫീസ്. സർക്കാർ ഏജൻസികളും ചെറുകിട വാണിജ്യ സ്ഥാപനങ്ങളും 100 റിയാലും വൻകിട വാണിജ്യ സ്ഥാപനങ്ങൾ 300 റിയാലും ഫീസ് നൽകണം. അഞ്ചു കിലോക്ക് മുകളിലുള്ള ആളില്ലാ പേടകങ്ങൾ ഉപയോഗിക്കാൻ ചെറുകിട സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും 150 മുതൽ 300 റിയാൽ വരെയും വൻകിട സ്ഥാപനങ്ങൾ 400 മുതൽ 500 റിയാൽ വരെയും ലൈസൻസിങ് ഫീസ് നൽകണം.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെ ഡ്രോണുകളോ അവയുടെ ഭാഗങ്ങളോ ഒമാനിലേക്ക് കൊണ്ടുവരുന്നതും ഒമാനിൽ അവ നിർമിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉത്തരവിൽ പറയുന്നു. മിലിട്ടറി, സുരക്ഷ വിഭാഗങ്ങൾക്കുപുറമെ കെട്ടിടങ്ങൾക്ക് ഉള്ളിലും മാത്രമാണ് ലൈസൻസ് ഇല്ലാതെ ഡ്രോൺ അടക്കം വ്യോമയാന ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ. കാമറകളും വിവര ശേഖരണത്തിനായുള്ള സെൻസറുകളുമില്ലാത്ത 250 ഗ്രാമിൽ താഴെ ഭാരമുള്ള കുട്ടികളുടെ കളിപ്പാട്ട ഡ്രോണുകൾക്കും ലൈസൻസിെൻറ ആവശ്യമില്ല. ലൈസൻസില്ലാതെ ഉപയോഗിച്ചാൽ 500 റിയാലാണ് പിഴ. വ്യോമയാന സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കാതെ ഡ്രോൺ ഉപയോഗിച്ചാൽ 600 റിയാലും ലൈസൻസിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തുമല്ലാതെയുള്ള ഉപയോഗത്തിന് 300 റിയാലുമാണ് പിഴയായി ഇൗടാക്കുകയെന്ന് ഉത്തരവിൽ പറയുന്നു.