യു.എസ് -ഇസ്രായേൽ സൈനിക നടപടി; സമാധാനത്തിനായി ഒമാന്റെ ആഹ്വാനം
text_fieldsഒമാൻ വിദേശ കാര്യ മന്ത്രാലയം
സയ്യിദ് ബദർ അൽ ബുസൈദി
മസ്കത്ത്: ഇറാനെതിരെ ഇസ്രായേയും അമേരിക്കയും നടത്തിയ സൈനിക നടപടികളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി ഒമാൻ. സംഭവവികാസങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും തിരിച്ചടിയാകാമെന്ന് ഒമാൻ നിരീക്ഷിച്ചു.
സൈനിക നടപടി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും തർക്കങ്ങൾ സമാധാനപരമായ സംവാദത്തിലൂടെ പരിഹരിക്കണമെന്ന ദീർഘകാല മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്ന് ഒമാൻ വിലയിരുത്തി. വൈരപരമായ നടപടികളും രക്തച്ചൊരിച്ചിലും പ്രശ്നപരിഹാര മാർഗമല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളും ഉടൻ സൈനിക നടപടി നിർത്തിവെക്കുകയും പരമാവധി സംയമനം പാലിക്കുകയും ചെയ്യണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ, പുതിയ ആക്രമണങ്ങൾ വർഷങ്ങളായി തുടരുന്ന നയതന്ത്ര ചർച്ചകളെയും സമാധാന ശ്രമങ്ങളെയും തകർക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത സൈനിക നീക്കത്തെയും പ്രത്യാക്രമണമെന്നനിലയിൽ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ഇടപെടലിനെയും കരുതലോടെ നിരീക്ഷിച്ച് വരികയാണ് ഒമാൻ സുൽത്താനേറ്റ്.
നിലവിൽ ഒമാനിൽ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൾഫ് മേഖലയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൗരന്മാർക്കായി പ്രത്യേകം അടിയന്തര മുന്നറിയിപ്പും ഒമാൻ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയെങ്കിലുംഒമാനുനേരെ ആക്രമണം നടന്നിട്ടില്ല. ഇറാൻ വിഷയത്തിൽ ഒമാൻ പുലർത്തുന്ന നിഷ്പക്ഷ നിലപാടും മധ്യസ്ഥ ശ്രമങ്ങളുമാണ് ഇതിന് കാരണമായി കരുതപ്പെടുന്നത്.
വെടിനിർത്തൽ നടപ്പാക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കും അനുകൂലമായി അന്താരാഷ്ട്ര സമൂഹം വ്യക്തവും ദൃഢവുമായ നിലപാട് സ്വീകരിക്കണമെന്നും സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരം രാജ്യങ്ങൾക്ക് സ്വയംരക്ഷാ അവകാശമുണ്ടെന്ന നിലപാട് ആവർത്തിച്ച ഒമാൻ, സംയമനവും സംവാദവും നയതന്ത്ര മാർഗങ്ങളും തന്നെയാണ് മേഖലയിലെ സ്ഥിരത സംരക്ഷിക്കാൻ അനിവാര്യമെന്നും ഊന്നിപ്പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി, ഈ യുദ്ധത്തിൽ നിന്ന് പിന്മാറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. ‘ഇത് നിങ്ങളുടെ യുദ്ധമല്ല’ എന്ന് ബുസൈദി എക്സിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ജനീവയിലും വാഷിംഗ്ടണിലും ബുസൈദിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലായിരുന്നു. അതിനിടെയാണ് ഇറാനെ ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെ അമേരിക്ക- ഇസ്രായേൽ സംയുക്ത ആക്രമണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

