യു.എസ്-ഇറാൻ ആറാംഘട്ട ആണവചർച്ച 15ന് മസ്കത്തിൽ
text_fieldsമസ്കത്ത്: ഇറാൻ-യു.എസ് ആണവ ചർച്ച അടുത്ത ഞായറാഴ്ച മസ്കത്തിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മസ്കത്തിലും റോമിലും മുമ്പ് നടന്ന അഞ്ച് റൗണ്ടുകൾക്കുശേഷമുള്ള ചർച്ചയാണ് ഇനി നടക്കാനിരിക്കുന്നത്.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഐ.ആർ.എൻ.എയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്ര ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ സ്ഥിരമായി മധ്യസ്ഥത വഹിക്കുന്ന ഒമാൻ തന്നെയാണ് ഇത്തവണയും ആവശ്യമായ സൗകര്യമൊരുക്കുന്നത്.
സൈനിക നടപടി ഒഴിവാക്കാൻ ആണവ കരാർ സാധ്യമാണോ എന്ന് ഈ ആഴ്ചയിലെ പുതിയ ചർച്ചകൾ വ്യക്തമാക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വാഷിങ്ടണും തെഹ്റാനും വീണ്ടും മസ്കത്തിൽ ചർച്ചക്കായി എത്തുന്നത്.
അഞ്ചാം റൗണ്ട് ചർച്ചകൾക്കുശേഷം മേയ് 31ന് ആണവ കരാറിനായുള്ള യു.എസ് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും ചില അവ്യക്തതകൾ അതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി പറഞ്ഞത്. ന്യായയുക്തവും യുക്തിസഹവും സന്തുലിതവുമായ നിർദ്ദേശം തങ്ങൾ അടുത്ത ചർച്ചയിൽ അവതരിപ്പിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന അഞ്ചാം ഘട്ട ചർച്ച റോമിലെ ഒമാനി എംബസിയിലായിരുന്നു നടന്നിരുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ട്രംപിന്റെ മിഡിലീസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നേതൃത്വം നൽകി. കഴിഞ്ഞ നാല് ചർച്ചകളിൽനിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലായിരുന്നു അഞ്ചാം ഘട്ട ചർച്ചകൾ അരങ്ങേറിയത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് വാഷിങ്ടണും തെഹ്റാനും പരസ്പരവിരുദ്ധമായ നിലപാടുകളാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, സിവിലയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്ന് ഇറാനും വ്യക്തമാകിയിട്ടുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം ഒരു ‘ചുവപ്പ് രേഖ’യാണെന്നാണ് യു.എസിന്റെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞിരിക്കുന്നത്. വാഷിങ്ടണിന് ‘സമ്പുഷ്ടീകരണ ശേഷിയുടെ ഒരു ശതമാനം പോലും അനുവദിക്കാൻ കഴിയില്ല’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കിയിരിക്കുന്നത്.
ഏപ്രിലിൽ ഒമാന്റെ മധ്യസ്ഥതയിൽ യു.എസും ഇറാനും ചർച്ചകൾ ആരംഭിച്ചതോടെ പിരിമുറുക്കങ്ങൾക്ക് അയവ് വന്നിരുന്നു. എന്നാൽ സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം ഇരുപക്ഷവും എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

