അമേരിക്ക-ഇറാൻ ആണവ ചർച്ച: ഒമാന് നന്ദി അറിയിച്ച് ട്രംപ്; രണ്ടാംഘട്ട ചർച്ച ശനിയാഴ്ച മസ്കത്തിൽ നടക്കും
text_fieldsമസ്കത്ത്: അമേരിക്ക-ഇറാൻ ആണവ ചർച്ചക്ക് മധ്യസ്ഥത വഹിച്ചതിന് ഒമാന് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സുൽത്താൻ ഹൈതം ബിൻ താരിഖിനെ ഫോണിൽ വിളിച്ചാണ് ഒമാന്റെ ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചത്. അടുത്ത ശനിയാഴ്ച മസ്കത്തിൽ യു.എസ്-ഇറാൻ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മസ്‌കത്തിൽ നടക്കുന്ന യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് ട്രംപ് ഒമാൻ സുൽത്താനെ ഫോണിൽ വിളിച്ചത്. സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളിൽ ഒമാന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഉദ്ദേശിച്ച ഫലങ്ങൾ കൈവരിക്കുന്നതിനായി ഈ ചർച്ചകളെ പിന്തുണക്കന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മസ്കത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി മധ്യസ്ഥതയിലായിരുന്നു രണ്ടര മണക്കൂർ നീണ്ടുനിന്ന ചർച്ച. ചർച്ച ക്രിയാതമകവും സൃഷ്ടിപരവുമായിരുന്നുവെന്നാണ് അമേരിക്കയും ഇറാനും വ്യക്തമാക്കിയിരുന്നു. ചർച്ചക്ക് വേദിയൊരുക്കിയ ഒമാനെ പ്രശംസിച്ച് വിവിധ ലോക രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ആണവ ചർച്ചകൾ മസ്കത്തിൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.