ഫലസ്തീൻ വിഭാഗങ്ങളുടെ ഐക്യം; ഒമാൻ സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: ഫലസ്തീൻ വിഭാഗങ്ങളുടെ ഐക്യത്തെയും ബീജിങ് പ്രഖ്യാപനത്തെയും ഒമാൻ സ്വാഗതം ചെയ്തു. ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് ഐക്യം നിർണായകമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി 1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഒമാന്റെ പിന്തുണയും എടുത്തുപറഞ്ഞു.
ഫലസ്തീന്റെ ദേശീയ ഐക്യം ലക്ഷ്യമിട്ട് ഫത്ഹും ഹമാസും മറ്റ് 12 സംഘടനകളും ചേർന്ന് ബീജിങ്ങിലാണ് അനുരഞ്ജന കരാറിൽ ഒപ്പുവെച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ മധ്യസ്ഥതയിൽ നടത്തിയ മൂന്നുദിവസം നീണ്ട ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പിട്ടത്. ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിൽ ഹമാസ്- ഫത്ഹ് അനുരഞ്ജന ചർച്ചകൾ പലതവണ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇസ്രായേൽ വെടിനിർത്തൽ യാഥാർഥ്യമായാൽ ഗസ്സയിൽ ഐക്യസർക്കാറിന് രൂപം നൽകുകയാണ് കരാറിലെ പ്രധാന തീരുമാനം. ഹമാസ് നേതാവ് മൂസ അബു മർസൂക്, ഫലസ്തീനിയൻ നാഷനൽ ഇനിഷ്യേറ്റിവ് നേതാവ് മുസ്തഫ ബർഗൗതി, ഫത്ഹ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ മഹമൂദ് അൽ അലൗൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത പ്രമുഖർ. തെരഞ്ഞെടുപ്പിനുമുമ്പ് ഏകീകൃത ഫലസ്തീൻ നേതൃ രൂപവത്കരണം, പുതിയ ഫലസ്തീനിയൻ ദേശീയ കൗൺസിലിലേക്ക് സ്വതന്ത്ര തെരഞ്ഞെടുപ്പ്, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐക്യ പ്രഖ്യാപനം എന്നിവയും കരാറിലെ തീരുമാനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.