ഐക്യവും സംഘബോധവും അനിവാര്യം: വി.എം. അബ്ദുള്ള മൗലവി
text_fieldsമസ്‌കത്ത്: ഇസ്‌ലാമിക ജീവിതത്തിൽ ഐക്യത്തിനും സംഘടിത പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം ജില്ല വലിയ ഖാസിയുമായ ചന്തിരൂർ വി.എം. അബ്ദുള്ള മൗലവി പറഞ്ഞു. ദക്ഷിണ കേരള ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ഒമാൻ നാഷനൽ കമ്മിറ്റി മസ്‌കത്തിൽ സംഘടിപ്പിച്ച സ്വീകരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കണമെന്ന ഖുർആനിക അധ്യാപനം ജീവിതത്തിൽ പകർത്തണം. വ്യക്തിഗത ശ്രമങ്ങളേക്കാൾ സംഘടിത കൂട്ടായ്മകളിലൂടെ ദീനീ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും ദീനിന്റെ നിലനിൽപ്പിനും സമൂഹത്തിന്റെ നന്മയ്ക്കും കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണയുടെ പ്രവാസി സംഘടന വൈകിയാണെങ്കിലും രൂപവത്കരിച്ചത് മാതൃസംഘടനയ്ക്ക് വലിയ കരുത്താണെന്ന് വടുതല മജ്ലിസുൽ അബ്‌റാർ എജുക്കേഷൻ കോംപ്ലക്സ് ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വർക്കിങ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ല ട്രഷററുമായ വടുതല ഡി.എം. മുഹമ്മദ് മൗലവി പറഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ സംഘടനക്ക് ആശാവഹമായ വളർച്ച കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ചേർത്തല താലൂക്ക് പ്രസിഡന്റ് തഖ്‌യുദ്ദീൻ മൗലവി, ഖത്തർ പ്രതിനിധി സക്കരിയ്യ അൽ ഹാദി, ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
ഡി.കെ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പാറത്തോട് ജലാലുദ്ദീൻ ഖാസിമിയുടെ അധ്യക്ഷതയിൽ റൂവി ഹമരിയ്യയിൽ നടന്ന ചടങ്ങിൽ ഡി.കെ.ഐ.സി.സി ബർക്ക പ്രസിഡന്റ് ഉസ്മാൻ ബാഖവി, മസ്‌കത്ത് പ്രസിഡന്റ് ബഷീർ ചേനപ്പാടി, റൂവി പ്രസിഡന്റ് അഷറഫ് കട്ടപ്പന എന്നിവർ വിശിഷ്ടാതിഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

