കേന്ദ്ര ബജറ്റ്; സ്വർണം, ബാഗേജ്, നികുതി ഇളവുകൾ ഇവയിലെ മാറ്റം അറിഞ്ഞിരിക്കാം
text_fieldsഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച 2026-27ലേക്കുള്ള ബജറ്റിൽ പ്രവാസികൾക്ക് ഗുണകരമായ ചില നിർദേശങ്ങളുണ്ട്. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ സാധാരണ പ്രവാസികൾ കാലങ്ങളായി ഉന്നയിക്കുന്ന ചില ആവശ്യങ്ങൾക്കൊന്നും (സമ്പൂർണ സാമൂഹ്യ സുരക്ഷ പദ്ധതി, ആദായനികുതി നിയമത്തിലെ വിവേചനം, ഉത്സവകാലങ്ങളിലും സ്കൂൾ അവധി സമയത്തും ഉള്ള വിമാനക്കൊള്ള തുടങ്ങിയവ..) ഒരു പരിഹാരവും ഉണ്ടായിട്ടില്ല എന്നത് പറയാതെ വയ്യ. കേന്ദ്ര സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും നടത്തിപ്പിലെ അപാകത കൊണ്ടും അവയെപ്പറ്റിയയുള്ള അറിവില്ലായ്മ കൊണ്ടും അവയൊന്നും സാധാരണ പ്രവാസിയിലേക്ക് എത്തിയില്ല എന്നതാണ് വസ്തുത.എന്നാൽ ഈ വർഷത്തെ ബജറ്റിൽ പ്രവാസികൾക്ക് ഗുണം ചെയ്യുന്ന ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. അവ എന്താണെന്നു പരിശോധിക്കാം.
സ്വർണാഭരങ്ങൾ നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള മാറ്റം
സ്വർണാഭരണങ്ങൾ കൊണ്ടുപോകുമ്പോൾ ഇന്ത്യൻ എയർപോർട്ടുകളിൽ പ്രവാസികളെ പ്രയാസപ്പെടുത്തുന്നത് പതിവാണ്. പുരുഷന്മാർക്ക് 50,000 രൂപക്കും സ്ത്രീകൾക്ക് 1,00,000 രൂപക്കുമുള്ള സ്വർണാഭരണങ്ങളായിരുന്നു ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകാൻ കഴിയുമായിരുന്നത്. എന്നാൽ സ്വർണത്തിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇതൊരു വലിയ കീറാമുട്ടി ആയിരുന്നു. അതിനൊരു ചെറിയ ആശ്വാസം എന്ന നിലയിൽ ഈ വർഷം ഫെബ്രുവരി രണ്ടു മുതൽ സ്ത്രീകൾക്ക് 40 ഗ്രാം സ്വർണാഭരങ്ങളും പുരുഷന്മാർക്കു 20 ഗ്രാമും ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകാം. ഇത് സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. വിവാഹം, സമ്മാനം എന്നിവക്ക് വേണ്ടി സ്വർണാഭരണങ്ങൾ നാട്ടിൽ കൊണ്ടുപോകുന്നവർക്കു യാത്ര ഇനി മുതൽ സുഗമമാക്കാം.
ഉയർന്ന ബാഗേജ് അലവൻസ്
പ്രവാസികൾ നാട്ടിലേക്കു പോകുമ്പോൾ ഇലക്ട്രോണിക്സ് ഉൾപ്പടെയുള്ള വീട്ടുപകരണങ്ങൾ കൊണ്ടുപോകുന്നതിൽ 50 ശതമാനം വർധന ഫെബ്രുവരി രണ്ടു മുതൽ നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ചു ഇപ്പോൾ 75,000 രൂപക്കുള്ള ഇലക്ട്രോണിക്സ് ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുപോകാം. ഇക്കാര്യം പ്രവാസികൾ അറിഞ്ഞിരിക്കുക.
ലാപ്ടോപ് /നോട്ടുബുക്ക്
18 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കു ഒരു ലാപ്ടോപ് ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകാം. പക്ഷെ ഇത് സ്വന്തം ഉപയോഗത്തിനോ അല്ലെങ്കിൽ അവരുടെ കുടുംബത്തിന്റെ ആവശ്യത്തിനോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നുവെച്ചാൽ വിൽപനക്ക് കൊണ്ടുപോകാൻ പറ്റില്ല എന്നർഥം. ഈ സൗകര്യം ഡ്യൂട്ടി ഫ്രീ ബാഗേജ് അലവൻസായ 75,000 രൂപക്ക് പുറമെയാണ്. ഇതും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്.
വിദേശത്തേക്ക് പണമയക്കുന്നതിൽ നികുതി ഇളവ്
വിദേശത്തുള്ള കുട്ടികളുടെ പഠനം, ചികിത്സ, യാത്ര ചെലവ് എന്നിവക്ക് വേണ്ടി പണമയക്കുമ്പോൾ ഏർപ്പെടുത്തിയിരുന്ന നികുതി (ടി.സി.എസ്) അഞ്ചു ശതമാനത്തിൽനിന്നും രണ്ടു ശതമാനമായി കുറച്ചതും പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്ക് ആശ്വാസമാണ്.
പ്രവാസികൾ വസ്തുക്കൾ വിൽക്കുമ്പോൾ നാട്ടിൽ താമസിക്കുന്നവരാണ് വാങ്ങുന്നതെങ്കിൽ ടാൻ നമ്പർ വേണമായിരുന്നു. ഇത് പ്രവാസിക്കും വാങ്ങുന്ന ആളിനും ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇത് ഇപ്പോൾ ഒഴിവാക്കി. ഇനി പാൻ (PAN) മതിയാകും. ഈ വർഷം ഒക്ടോബർ ഒന്നു മുതലാണ് ഇത് നിലവിൽവരുക.
ഓഹരി നിക്ഷേപത്തിന് ഉയർന്ന പരിധി
പ്രവാസികൾക്കും വിദേശികൾക്കും ഇന്ത്യൻ ഓഹരി കമ്പോളത്തിൽ നിക്ഷേപം നടത്തുന്നതിന് ഉയർന്ന പരിധി ഏർപ്പെടുത്തി. ഇത് വിദേശത്തെ ബിസിനസ് / ധനികരായ പ്രവാസികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ആദായനിയമത്തിലെ ഇളവുകൾ
പുതിയ ആദായ നികുതി നിയമം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് ധനകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പുതുക്കി ഫയൽ ചെയ്യുന്നതിനും മറ്റും ചില ആശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇന്ത്യക്കു പുറത്തുള്ള സ്വത്തുക്കൾ വെളിപ്പെടുത്താത്തവർക്കു അത് വെളിപ്പെടുത്തുന്നതിനുള്ള അവസരവും സാവകാശവും കൊടുത്തിട്ടുണ്ട്. കടുത്ത നടപടികളിൽനിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
(തുടരും)
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

