യൂണി മണി എക്സ്ചേഞ്ചിന് "എെലെറ്റ് കമ്പനി' ബഹുമതി
text_fieldsമസ്‌കത്ത്: ഒമാനിലെ മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി വാണിജ്യ- വ്യവസായ-നിക്ഷേപ പ്രോൽസാഹന മന്ത്രാലയം ഏർപെടുത്തിയ 'എലൈറ്റ് കമ്പനി' അംഗീകാരത്തിന് യൂണിമണി എക്സ്ചേഞ്ച് ഒമാൻ അർഹമായി. തൊഴിൽ മന്ത്രാലയം, ടാക്സ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി ചേർന്നാണ് വാണിജ്യ മന്ത്രാലയം ‘എലൈറ്റ് കമ്പനീസ്’ പദ്ധതി ആരംഭിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ‘എലൈറ്റ് കമ്പനീസ്’ പദ്ധതികൊണ്ട് വാണിജ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്നവേഷൻ, പ്രവർത്തന കാര്യക്ഷമത, മത്സരക്ഷമത, ഒമാനിവത്കരണം, ഉന്നത നിലവാരമുള്ള ഉൽപന്ന-സേവന നിലവാരം, കയറ്റിറക്കുമതിയിൽ സജീവമായ പങ്കാളിത്തം, സേവന വ്യാപനശേഷി തുടങ്ങി നിരവധി ഘടകങ്ങളാണ് അംഗീകാരമത്തിനുള്ള പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കുന്നത്.
സലാലയിലെ സുൽത്താൻ ഖാബൂസ് യുവജന സമുച്ചയത്തിൽ നടന്ന ബഹുമതി സമർപ്പണ ചടങ്ങിൽ ദോഫാർ ഗവർണർ സയ്യിദ് മാർവാൻ ബിൻ തുർകി അൽ സഈദ് അധ്യക്ഷതവഹിച്ചു. വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, മറ്റു മന്ത്രിമാർ, നിക്ഷേപകർ ചടങ്ങിൽ പങ്കെടുത്തു.
വാണിജ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് യൂനിമണി എക്സ്ചേഞ്ച് ഒമാൻ ചെയർമാൻ ശൈഖ് സൈഫ് ബിൻ ഹാഷിൽ അൽ മാസ്കരി നന്ദി അറിയിച്ചു. കമ്പനിയുടെ നിലവാര പ്രതിബദ്ധതയെയും പുരോഗതിയിലേക്കുള്ള പ്രതിജ്ഞാബദ്ധതയെയും ഉറപ്പിക്കുന്നതാണ് ഈ അംഗീകാരമെന്നും ഒമാന്റെ ദീർഘദൂര വികസന കാഴ്ചപ്പാടുമായി യോജിച്ചാണ് തങ്ങളുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
1995 മുതൽ ഒമാനിൽ പ്രവർത്തിച്ചു വരുന്ന യൂനിമണി ഒമാൻ, മൂന്നു ദശാബ്ദങ്ങൾക്കിടെ ഒമാനിലുടനീളം 57 ശാഖകളായി തങ്ങളുടെ സേവന ശൃംഖല വികസിപ്പിച്ചിട്ടുണ്ട്. സേവനത്തിലെ മികവിനെയും ഉപഭോക്താക്കളുടെ വിശ്വാസത്തെയും ഒരുമിപ്പിച്ച 30 വർഷങ്ങളാണ് യൂനിമണി ഒമാന്റെ യാത്രയെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

