യുെനസ്കോ സമ്മേളനം; സമാധാനത്തിനും വിദ്യാഭ്യാസത്തിനും പ്രതിബദ്ധത അറിയിച്ച് ഒമാൻ
text_fieldsസമർഖന്ദിൽ നടക്കുന്ന യുനെസ്കോയുടെ 43ാമത് ജനറൽ കോൺഫറൻസിൽ ഒമാൻ വിദ്യാഭ്യാസ
മന്ത്രി ഡോ. മദിഹ ബിൻത് അഹ്മദ് അൽ ശൈബാനി സംസാരിക്കുന്നു
മസ്കത്ത്: സമാധാനവും വിദ്യാഭ്യാസവും സാംസ്കാരിക സംരക്ഷണവും സുസ്ഥിരമായ പുരോഗതിയും നടപ്പാക്കുന്നതിൽ ഒമാൻ സ്വീകരിക്കുന്ന നടപടികൾ പ്രതിഫലിപ്പിച്ച് യുനെസ്കോ സമ്മേളനം. ഉസ്ബകിസ്താനിലെ സമർഖന്ദിൽ നടക്കുന്ന യുനെസ്കോയുടെ 43ാമത് ജനറൽ കോൺഫറൻസിൽ ശക്തമായ പ്രസംഗവുമായാണ് ഒമാൻ വിദ്യാഭ്യാസമന്ത്രി ഡോ. മദിഹ ബിൻത് അഹ്മദ് അൽ ശൈബാനി നേതൃത്വം നൽകുന്ന ഒമാനി പ്രതിനിധിസംഘം ശ്രദ്ധനേടിയത്. ഒക്ടോബർ 30ന് ആരംഭിച്ച സമ്മേളനം നവംബർ 13 വരെ തുടരും.
വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നിവക്കായുള്ള ഒമാൻ നാഷനൽ കമീഷൻ ചെയർപേഴ്സൻ കൂടിയായ ഡോ. ശൈബാനി, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദേശം സമ്മേളനത്തിൽ കൈമാറി. സമാധാനവും സംവാദവും മനുഷ്യ വികസനവും പ്രോത്സാഹിപ്പിക്കുന്ന യുനെസ്കോയുടെ ദൗത്യത്തിന് ഒമാൻ തുടർച്ചയായ പിന്തുണ നൽകുന്നതായി അവർ അറിയിച്ചു. ഗസ്സയിലെ മനുഷ്യത്വപരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ ഡോ. ശൈബാനി, യുദ്ധവിരാമത്തിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്തു. വെടിനിർത്തൽ നിലനിർത്താൻ അന്താരാഷ്ട്ര -പ്രാദേശിക തലത്തിൽ സംയുക്ത ശ്രമങ്ങൾ തുടരണമെന്നും അവർ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിലും സഹിഷ്ണുതയും സഹവർത്തിത്വവും അടിസ്ഥാനമാക്കിയുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിലും യുനെസ്കോയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ ഒമാന്റെ നേട്ടങ്ങളെ വിശദീകരിച്ച ഡോ. ശൈബാനി, വിദ്യാഭ്യാസനയങ്ങൾ, തൊഴിൽപരമായ സാങ്കേതിക പരിപാടികൾ, അധ്യാപക പരിശീലനത്തിൽ നൽകിയ പ്രാധാന്യം എന്നിവ സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. 2026 ൽ ‘സുസ്ഥിര വിദ്യാഭ്യാസം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗം’ എന്ന വിഷയം ആസ്പദമാക്കി അധ്യാപകവൃത്തി സംബന്ധിച്ച പ്രഥമ അന്താരാഷ്ട്ര സമ്മേളനം ഒമാനിൽ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒമാൻ ആഗോള സർവകലാശാല റാങ്കിങ്ങിൽ പുരോഗതി കൈവരിച്ചുവരുകയാണ്. ഗവേഷണ-നവോത്ഥാന മേഖലയിൽ അന്തർദേശീയ സഹകരണവും ശക്തമാക്കിവരുന്നുണ്ട്.
2050 ഓടെ കാർബൺ ന്യൂട്രൽ രാജ്യമാവുകയാണ് ഒമാന്റെ ലക്ഷ്യം. ഊർജ പുനരുപയോഗ രംഗത്തും ജൈവവൈവിധ്യ സംരക്ഷണത്തിലും ഒമാൻ ശ്രദ്ധ ചെലുത്തുന്നു. അൽ ജബൽ അൽ അഖ്ദർ, അൽ സരീൻ സംരക്ഷിത പ്രദേശങ്ങൾ യുനെസ്കോ ബയോസ്ഫിയർ റിസർവ് പട്ടികയിൽ ഉൾപ്പെട്ടത് ഈ ദൗത്യം വ്യക്തമാക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ‘സമാധാനത്തിനും സാംസ്കാരിക സംവാദത്തിനും വേണ്ടി ഒമാൻ യൂത്ത് ഷിപ്പ്’ എന്ന പദ്ധതിയെ യുനെസ്കോ അംഗീകരിച്ചത് അവർ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ഒമാൻ വിഷൻ 2040 മായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ, ആർട്ടിഫിഷൽ ഇന്റലിജൻസ് ഗവേണൻസ് നാഷനൽ പോളിസി, ഫോർത്ത് ഇൻഡസ്ട്രിയൽ റവലൂഷൻ സെന്റർ, ഡിജിറ്റൽ കണ്ടന്റ് റെഗുലേഷൻ നിയമം എന്നിവയെ കുറിച്ചും ഡോ. മദിഹ ബിൻത് അഹ്മദ് അൽ ശൈബാനി
വിശദീകരിച്ചു.
തെറ്റായ വിവരപ്രചാരണംതടയുകയും സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ നിയമം ലക്ഷ്യമിടുന്നതെന്നും ഇത് യുനെസ്കോയുടെ ധാർമിക നിലപാടുകളുമായി പൊരുത്തപ്പെടുന്നതാണെന്നും അവർ വ്യക്തമാക്കി.
യുനെസ്കോയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി അംബാസഡർ അംന ബിൻത് സലിം അൽ ബലൂശി, ഉസ്ബകിസ്താനിലെ ഒമാൻ അംബാസഡർ വഫ ബിൻത് ജബർ അൽ ബുസൈദി എന്നിവർ ഉൾപ്പെടെ വിദ്യാഭ്യാസം, സാംസ്കാരികം, കായിക-യുവജനകാര്യങ്ങൾ, പൈതൃകം-ടൂറിസം മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഒമാന്റെ പ്രതിനിധി സംഘത്തിൽ യുനെസ്കോ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

