അധിനിവിഷ്ട ഫലസ്തീനിൽ യു.എൻ.സി.ടി.എ.ഡി അധികാരം ശക്തിപ്പെടുത്തണം- ഒമാൻ
text_fieldsഹേഗിൽ നടക്കുന്ന യു.എൻ.സി.ടി.എ.ഡി സെക്രട്ടേറിയറ്റിൽ ഒമാൻ പ്രതിനിധി പങ്കെടുക്കുന്നു
മസ്കത്ത്: ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ സാമ്പത്തിക -മാനവിക ദുരന്താവസ്ഥയെക്കുറിച്ചുള്ള യുനൈറ്റഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി) സെക്രട്ടേറിയറ്റിന്റെ പുതിയ റിപ്പോർട്ടിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താനേറ്റ്. യു.എൻ.സി.ടി.എ.ഡി ബോർഡ് മുമ്പാകെ അറബ് ഗ്രൂപ്പിന്റെ പേരിൽ ഫലസ്തീൻ പ്രതിനിധി സംഘം അവതരിപ്പിച്ച പ്രസ്താവനയെ പൂർണമായി പിന്തുണക്കുന്നതായും യു.എന്നിലെ ഒമാന്റെ സ്ഥിരംപ്രതിനിധി ഇദ്രീസ് ബിൻ അബ്ദുറഹ്മാൻ അൽ ഖൻജാരി വ്യക്തമാക്കി. ബോർഡിനെ അഭിസബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 ഒക്ടോബറിനു ശേഷം ഫലസ്തീൻ പ്രദേശങ്ങൾ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് തള്ളപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങൾ നീണ്ട വികസന നേട്ടങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്നു വീണതായും അദ്ദേഹം പറഞ്ഞു.
ഉൽപാദനമേഖലകൾ പൂർണമായും നശിച്ചു. അവശ്യസേവനങ്ങൾ നിലച്ചു. ജനങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. വീട്ടുസാധനങ്ങൾ വാങ്ങാൻ ആളുകൾക്ക് ശേഷിയില്ലാതായി. കടങ്ങൾ പെരുകിയത് ബാങ്കിങ് മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഗതാഗത - സഞ്ചാര നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ ആഴത്തിലായെന്നും ഇദ്രീസ് ബിൻ അബ്ദുറഹ്മാൻ അൽ ഖൻജാരി പറഞ്ഞു.
ഗസ്സയിലെ സ്ഥിതിഗതികളെ ‘അതീവ ദാരുണം’ എന്നാണ് ഒമാൻ വിശേഷിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ -വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫാക്ടറികൾ, ഊർജ - ഗതാഗത ശൃംഖലകൾ എന്നിവ വ്യാപകമായ നാശനഷ്ടം നേരിട്ടതോടെ അവിടത്തെ സാമ്പത്തിക അടിസ്ഥാനം പൂർണമായി തകർന്നനിലയിലാണ്. പുനർനിർമാണത്തിനായി വർഷങ്ങളോളം നീളുന്ന പരിശ്രമവും വൻ നിക്ഷേപവും വ്യക്തമായ അന്താരാഷ്ട്ര രാഷ്ട്രീയ ഇടപെടലും വേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഈ സാഹചര്യത്തിൽ, ഫലസ്തീൻ സ്ഥാപനങ്ങൾക്ക് സാങ്കേതിക സഹായം, ശേഷി വികസനം, സാമ്പത്തിക വിശകലനം, വ്യാപാര -ധനകാര്യ ആസൂത്രണ മേഖലകളിലെ ഉപകരണ വികസനം എന്നിവ നൽകുന്നതിൽ യു.എൻ.സി.ടി.എ.ഡി വഹിക്കുന്ന നിർണായക പങ്ക് ഒമാൻ എടുത്തുപറഞ്ഞു. ഫലസ്തീൻ ജനതക്കുള്ള യു.എൻ.സി.ടി.എ.ഡിയുടെ തുടർച്ചയായ സഹായത്തിന് ഒമാന്റെ നന്ദിയും അറിയിച്ചു.
ഫലസ്തീനിലെ പ്രതിസന്ധി നേരിടാൻ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക തലങ്ങളിൽ വർധിച്ച അന്താരാഷ്ട്ര പിന്തുണ വേണമെന്നും നിലവിലെ സഹായം ആവശ്യത്തിന് തികയുന്നില്ലെന്നും ഒമാൻ മുന്നറിയിപ്പു നൽകി.
അവശ്യവസ്തുക്കളുടെ പ്രവേശനം, സഞ്ചാര നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, പൗരന്മാർക്ക് വരുമാനം ഉറപ്പാക്കൽ എന്നിവക്കായി ദീർഘകാല സാമ്പത്തിക നടപടികളുമായി മാനുഷിക സഹായ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുക, ഗസ്സയുടെ സമഗ്ര പുനർനിർമാണ പദ്ധതി, ഫലസ്തീൻ സ്ഥാപനങ്ങളുടെ ശാക്തീകരണം, യു.എൻ.സി.ടി.എഡി പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ നിർദേശങ്ങൾ ഒമാൻ മുന്നോട്ടുവെച്ചു.
അധിനിവേശവും അതിന്റെ തുടർച്ചയായ പ്രതിഫലനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഒമാൻ വ്യക്തമാക്കി. ഫലസ്തീൻ ജനതയോടുള്ള ബാധ്യത സാങ്കേതികമോ സാമ്പത്തികമോ മാത്രമല്ല, നൈതികവും മാനവികവും വികസനപരവുമായ ഉത്തരവാദിത്വമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
അധിനിവിഷ്ട പ്രദേശങ്ങളിൽ യു.എൻ.സി.ടി.എ.ഡിയുടെ പദ്ധതികളും അധികാരവും ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് ഒമാൻ ആഹ്വാനം ചെയ്തു. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിച്ച് അവരുടെ മാന്യതയും ഭാവിയും സംരക്ഷിക്കുന്ന പ്രതിരോധ ശേഷിയുള്ള സമ്പദ്ഘടന നിർമ്മിക്കാൻ കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് യു.എന്നിലെ ഒമാൻ പ്രതിനിധി ഇദ്രീസ് ബിൻ അബ്ദുറഹ്മാൻ അൽ ഖൻജാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

