വാണിജ്യ മേഖലയിലെ അനധികൃത ഇടപാട്: പ്രത്യേക സംഘം രൂപവത്കരിച്ചു
text_fieldsഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്
മസ്കത്ത്: വ്യാപാര-വാണിജ്യ മേഖലകളിലെ അനധികൃത ഇടപാടുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പ്രത്യേക സംഘത്തിന് രൂപം നൽകി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ ഉത്തരവ്. ഒന്നിലധികം വാണിജ്യ രജിസ്ട്രേഷനുകൾ കണ്ടെത്തുക, ബിനാമി വ്യാപാരങ്ങളും അനധികൃത ഇടപാടുകളും നിയന്ത്രിക്കുക തുടങ്ങിയവയാണ് സംഘത്തിെൻറ ലക്ഷ്യം. ഇതുവഴി രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രാലയത്തിലെ വ്യവസായ-വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സൈദ് അൽ മസാെൻറ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുക. സാമ്പത്തിക, ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ, റോയൽ ഒമാൻ പൊലീസ്, മസ്കത്ത്-ദോഫാർ നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും സംഘത്തിെൻറ ഭാഗമായിരിക്കും.
ഒന്നിലധികം വാണിജ്യ രജിസ്ട്രേഷനുകൾ കണ്ടെത്തുന്നതിനായി നിലവിലുള്ള സംവിധാനങ്ങളിൽ സംഘം ഭേദഗതികൾ വരുത്തും. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് വാണിജ്യ സ്ഥാപനങ്ങളുടെ ലീസ് കരാറുകൾ റദ്ദാക്കുന്നതിന് നിയമപരമായ ക്രമീകരണവും രൂപപ്പെടുത്തും.വിദേശികളുടെ കീഴിലുള്ള ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കും. സംരംഭത്തിെൻറ വിശദാംശങ്ങൾ അറിയുകയും സ്വദേശിവത്കരണമടക്കം പരിശോധിക്കുകയും ചെയ്യും. വിദേശ തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അനധികൃത വ്യാപാരം തടയുന്നതിനുള്ള നടപടി ആവിഷ്കരിക്കും.
പല പേരുകളിൽ കമ്പനികൾ രജിസ്റ്റർ ചെയ്ത് വിദേശ തൊഴിലാളികളെ ജോലിക്ക് കൊണ്ടുവന്ന് അവരെ പുറത്ത് ജോലിക്ക് വിടുന്ന 'ഫ്രീ വിസ'സംവിധാനം നിയന്ത്രിക്കാനും നടപടി സ്വീകരിക്കും.
ഇത്തരം തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകൾക്ക് നിശ്ചിത ഫീസ് നൽകിയാണ് പുറത്ത് ജോലിയെടുക്കുന്നത്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

