അമേരിക്ക-യമൻ വെടിനിർത്തൽ
text_fieldsമസ്കത്ത്: അമേരിക്കയും യമനും തമ്മിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമാകാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. സൈനിക വർധന കുറക്കുക, സമുദ്ര സുരക്ഷ ഉറപ്പാക്കുക, ചെങ്കടലിലും ബാബ് അൽ മന്ദാബ് കടലിടുക്കിലും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. കരാർ സമുദ്ര ഗതാഗതത്തിൽ പോസിറ്റീവായ സ്വാധീനം ചെലുത്തുമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സുഗമമായ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി വക്താവ് സ്റ്റെഫാനി ട്രെംബ്ലേ പ്രത്യാശ പ്രകടിപ്പിച്ചു
സംഘർഷം അവസാനിപ്പിക്കുന്നതിനായി ചർച്ചകളിലൂടെയുള്ള രാഷ്ട്രീയ ഒത്തുതീർപ്പിലെത്തുന്നതിന് യമൻ കക്ഷികൾക്ക് പിന്തുണ നൽകുമെന്ന് ഐക്യരാഷ്ട്രസഭ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കാനും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗുമായി ക്രിയാത്മകമായി ബന്ധപ്പെടാനും അഭ്യർഥിച്ചു.
ഒമാന്റെ മധ്യസ്ഥതയെ തുടർന്ന് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുന്ന
കരാറിൽ ഹൂതികളും അമേരിക്കയും ദിവസങ്ങൾക്ക് മുമ്പ് എത്തിയിരുന്നു. സുദീർഘ ചർച്ചകൾക്കും ഇടപെടലുകൾക്കും ശേഷമാണ് കരാറിലെത്താൻ സാധിച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. കരാർ പ്രകാരം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ഇരു കക്ഷികളും പരസ്പരം ആക്രമണം നടത്തില്ല.
വെടിനിർത്തലിലേക്ക് നയിച്ച ക്രിയാത്മക സമീപനത്തിന് ഇരു കക്ഷികളെയും ഒമാൻ അഭിനന്ദിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

