ഇന്ത്യ - ഒമാൻ സമുദ്ര വ്യാപാരത്തിന്റെ നൂറ്റാണ്ടുകളുടെ ഓർമ പുതുക്കി ഐക്യരാഷ്ട്രസഭ ആസ്ഥാനം
text_fieldsമസ്കത്ത്: ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യ - ഒമാൻ സമുദ്ര വ്യാപാര ബന്ധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഓർമ പുതുക്കി ഐക്യരാഷ്ട്രസഭ ആസ്ഥാനം ചരിത്രനിമിഷത്തിന് സാക്ഷിയായി. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഇന്ത്യയുടെയും ഒമാന്റെയും സ്ഥിരം പ്രതിനിധികൾ സംയുക്തമായി സംഘടിപ്പിച്ച ‘പുരാതന വ്യാപാര പാതകൾ: ഐ.എൻ.എസ്.വി കൗണ്ടിന്യയുടെ യാത്ര’ എന്ന പ്രത്യേക പരിപാടി ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തിന്റെ വിളംബരമായി മാറി.
പരമ്പരാഗതമായ തദ്ദേശീയ സാങ്കേതികവിദ്യയിൽ മരത്തടിയിൽ തുന്നിച്ചേർത്തുണ്ടാക്കിയ ഇന്ത്യൻ നാവികസേനയുടെ ‘കൗണ്ടിന്യ’ എന്ന കപ്പൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് മസ്കത്തിലേക്ക് നടത്തിയ വിജയകരമായ ആദ്യ സമുദ്രയാത്രയെ മുൻനിർത്തിയായിരുന്നു ഈ ആഗോള സമ്മേളനം. 2025 ഡിസംബർ 29-ന് ഗുജറാത്തിലെ പോർബന്തർ തുറമുഖത്തുനിന്ന് യാത്ര തിരിച്ച കപ്പൽ, 2026 ജനുവരി 14-നാണ് ഒമാനിലെ മുത്രയിലുള്ള സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിച്ചേർന്നത്.
ആധുനിക അന്താരാഷ്ട്ര നിയമങ്ങളും സമുദ്ര നിയമങ്ങളും നിലവിൽ വരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പരസ്പര വിശ്വാസത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു സമുദ്രപഥം അറബിക്കടലിൽ ഇരുരാജ്യങ്ങളുടെയും പൂർവികർ വെട്ടിത്തുറന്നിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച യു.എന്നിലെ ഇന്ത്യൻ പ്രതിനിധി പാർവതനേനി ഹരീഷ് ചൂണ്ടിക്കാട്ടി. ആഗോള സമുദ്രപാതകളിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ ചരിത്രപരമായ കൂട്ടായ്മക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് നൂറ്റാണ്ടുകളായി തഴച്ചുവളർന്ന ഈ സൗഹൃദം സമുദ്ര സുരക്ഷക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും മികച്ച പാഠങ്ങൾ നൽകുന്നുണ്ടെന്ന് യു.എന്നിലെ ഒമാൻ പ്രതിനിധി അംബാസഡർ ഒമർ ബിൻ സഈദ് അൽ കസീരി വ്യക്തമാക്കി. മസ്കത്ത്, സൂർ, മുംബൈ തുടങ്ങിയ തുറമുഖങ്ങൾ ലോകത്തിന് തന്നെ സാംസ്കാരിക കൈമാറ്റത്തിന്റെ വാതിലുകളായി മാറിയ ചരിത്രം അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യൻ സമുദ്ര സുരക്ഷാ വിദഗ്ധരും ഒമാൻ നാഷണൽ മ്യൂസിയം പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധം വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരങ്ങളും പ്രദർശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ, കടലിലൂടെയുള്ള ഈ പൈതൃക ബന്ധം വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. സമുദ്ര ശാസ്ത്രത്തിലും ജലമാനേജ്മെന്റിലും ഇരുരാജ്യങ്ങളും നടത്തുന്ന സംയുക്ത പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

