Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാന്റെ നയതന്ത്ര മികവിനെ പ്രശംസിച്ച് യു.എൻ മേധാവി

text_fields
bookmark_border
അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി സയ്യിദ് ബദർ അൽ ബുസൈദി
ഒമാന്റെ നയതന്ത്ര മികവിനെ   പ്രശംസിച്ച് യു.എൻ മേധാവി
cancel
camera_alt

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ന്യൂയോർക്ക്: പ്രാദേശിക പ്രതിസന്ധികളിൽ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും ഒമാൻ സുൽത്താനേറ്റ് നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഒമാനെ അഭിനന്ദിച്ചത്. പ്രാദേശിക പ്രതിസന്ധികൾ, മാനുഷിക പ്രശ്നങ്ങൾ, സംഘർഷങ്ങളുടെ വ്യാപനം തടയൽ എന്നിവ ഇരുനേതാക്കളും ചർച്ച ചെയ്തു.

ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ആമത് സമ്മേളനത്തിൽ ഒമാൻ പ്രതിനിധിയായി പങ്കെടുക്കുന്നതിനിടയിലാണ് സയ്യിദ് ബദർ യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രത്യേക ആശംസകൾ സയ്യിദ് ബദർ യു.എൻ സെക്രട്ടറി ജനറലിന് കൈമാറി. ഒപ്പം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര-മാനുഷിക ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സുൽത്താനും ഒമാൻ ജനതക്കും തുടർന്നുള്ള പുരോഗതിയും സമൃദ്ധിയും ഗുട്ടെറസ് നേർന്നു. ഒമാനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. പരസ്പര വിശ്വാസം വളർത്തുന്നതിനും പ്രാദേശിക സുരക്ഷ ശക്തമാക്കുന്നതിനും സമാധാനത്തിന് ശക്തമായ അടിത്തറ പാകുന്നതിനുമുള്ള സുസ്ഥിരമായ ധാരണകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.

വിഭിന്ന നിലപാടുകളുള്ള രാജ്യങ്ങളെ ചർച്ചകളിലൂടെ ഒന്നിപ്പിക്കുന്നതിൽ ഒമാൻ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക-അന്തർദേശീയ മേഖലകളിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തിയ യോഗം, പ്രതിസന്ധികൾ നിയന്ത്രിക്കുന്നതിനും അവയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും നയതന്ത്രപരമായ ഇടപെടലുകൾക്ക് കൂടുതൽ അവസരം നൽകണമെന്ന് ഊന്നിപ്പറഞ്ഞു.

യുദ്ധങ്ങളിലും സംഘർഷങ്ങളിലും സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ദുരിതബാധിതർക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ പ്രത്യേകമായി അടിവരയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UN Chief praises Oman's diplomatic excellence
Next Story