‘ക്യാർ’ ദുർബലമായി; ‘മഹാ’ ശക്തിയാർജിക്കുന്നു
text_fieldsമസ്കത്ത്: ഒമാെൻറ തെക്കൻ തീരങ്ങളിൽ കനത്ത മഴക്ക് വഴിയൊരുക്കിയ ‘ക്യാർ’ ചുഴലിക്കൊടുങ്കാറ്റ് അതിതീവ്ര ന്യൂനമർദമായി ദുർബലപ്പെട്ടതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്, തെക്കു-പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ക്യാർ വെള്ളിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമായി ദുർബലപ്പെടാൻ സാധ്യതയുണ്ട്. മസീറ തീരത്തുനിന്ന് നീങ്ങി അൽവുസ്ത, ദോഫാർ തീരങ്ങൾക്ക് സമാന്തരമായാണ് കാറ്റ് ഇപ്പോൾ നീങ്ങുന്നത്. മണിക്കൂറിൽ 61 കി.മീറ്റർ വരെയാണ് കാറ്റിെൻറ ഇപ്പോഴത്തെ വേഗത. തെക്കൻ ശർഖിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ മഴമേഘങ്ങളുടെ സഞ്ചാരം തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 55 കി.മീറ്റർവരെ വേഗത്തിൽ കാറ്റടിക്കും.
അതേസമയം, അറബിക്കടലിെൻറ തെക്കു ഭാഗത്ത് ‘മഹ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒരേസമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുകയെന്ന അപൂർവ പ്രതിഭാസത്തിനാണ് അറബിക്കടൽ സാക്ഷ്യം വഹിക്കുന്നത്. അറബിക്കടലിെൻറ തെക്കുകിഴക്ക് ഭാഗത്തായാണ് ‘മഹ’ ഇപ്പോഴുള്ളത്. ക്യാറിെൻറ സഞ്ചാരപാത പിന്തുടർന്ന് ഒമാൻ തീരത്തേക്ക് എത്താനാണ് സാധ്യത. മണിക്കൂറിൽ 111 കി.മീറ്റർ വരെയാണ് ‘മഹ’യുടെ കേന്ദ്രഭാഗത്തെ കാറ്റിെൻറ വേഗമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനാണ് ‘മഹ’ എന്ന പേര് നൽകിയിരിക്കുന്നത്. ഇൗ വർഷം അറബിക്കടലിൽ രൂപംകൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റ് ആണ് ഇത്. വായുവും ഹിക്കയുമാണ് മറ്റു രണ്ടെണ്ണം.
1972നുശേഷം ഇതാദ്യമായാണ് ഒരേസമയം അറബിക്കടലിൽ രണ്ട് കാറ്റുകൾ രൂപം കൊള്ളുന്നതെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. 2015ൽ ‘ചപല’ ചുഴലിക്കൊടുങ്കാറ്റ് യമനിൽ കരതൊട്ടതിനു തൊട്ടുപിന്നാലെ ‘മേഘ്’ രൂപപ്പെട്ടിരുന്നു. ഇപ്പോൾ ഒമാൻ തീരത്തുള്ള ‘ക്യാർ’ സൊക്കോത്ര ദ്വീപിന് സമീപത്തേക്കും തുടർന്ന് സൊമാലിയയുടെ ഭാഗത്തേക്കും നീങ്ങാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ‘മഹ’ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ശക്തിപ്രാപിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ-കിഴക്കൻ അറബിക്കടലിൽ കൂടുതൽ കരുത്തുപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയിത്തീരും. കാറ്റിെൻറ പരമാവധി വേഗം മണിക്കൂറിൽ 118 മുതൽ 166 കി.മീറ്റർ വരെ ആയി മാറുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പിെൻറ പ്രവചനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
