അതിർത്തി വഴി യാത്ര എളുപ്പമാക്കാൻ യു.എ.ഇ-ഒമാൻ ചർച്ച
text_fieldsഷാർജ പോർട്ട് ആൻഡ് ബോർഡർ പോയൻറ് കമ്മിറ്റി ദിബ്ബ അൽ ഹിസ്ൻ കൗൺസിൽ, റോയൽ ഒമാൻ പൊലീസിെൻറ
പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാനും യു.എ.ഇയും തമ്മിൽ അതിർത്തി പങ്കിടുന്ന നിരവധി മേഖലയിൽ സഞ്ചാരങ്ങൾ സുഗമമാക്കുന്നതിനായി ഒമാനും യു.എ.ഇയും തമ്മിൽ ചർച്ച നടന്നു. ഷാർജ പോർട്ട് ആൻഡ് ബോർഡർ പോയൻറ് കമ്മിറ്റി ദിബ്ബ അൽ ഹിസ്ൻ കൗൺസിൽ, റോയൽ ഒമാൻ പൊലീസിെൻറ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനവും പരസ്പര ഏകോപനവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളാണ് ചർച്ചചെയ്തത്. അതിർത്തി പോയൻറുകളിലൂടെ ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും സന്ദർശകരുടെയും സഞ്ചാരം, ചരക്കു നീക്കം എന്നിവ സുഗമമാക്കുന്നതായിരുന്നു മുഖ്യവിഷയം.
പോർട്ട് ആൻഡ് ബോർഡർ പോയൻറ് അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ റൈസി, ഷാർജ എമിറേറ്റിലെ പോർട്ട് ആൻഡ് ബോർഡർ പോയൻറ് കമ്മിറ്റി ചെയർമാൻ, മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡർ കേണൽ അബ്ദുല്ല ബിൻ ഹമദ് അൽ ഹൊസാനി എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. യു.എ.ഇ ഗവൺമെൻറിെൻറ നിർദേശങ്ങൾ നടപ്പാക്കുന്നതിനും ഒമാനുമായി അതിർത്തി പോയൻറുകളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള ശിപാർശകൾ നടപ്പാക്കുകയാണ് ലക്ഷ്യം. നടപടികൾ വേഗത്തിലാക്കാനും ഏകോപിപ്പിക്കാനും ഹോട്ട്ലൈൻ ആരംഭിക്കും. ദിബ്ബ അൽ ഹിസ്നിലെ അതിർത്തി പോയൻറുകൾ വികസിപ്പിക്കുന്നതിനും അവ ഔദ്യോഗിക ഔട്ട്ലെറ്റുകളാക്കി മാറ്റുന്നതിനുമുള്ള നിർദേശം ചർച്ചചെയ്തു. അടിയന്തര കേസുകളും മാനുഷിക കേസുകളും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും അതിർത്തി പോയൻറുകളിലുടനീളം സഞ്ചാരം സുഗമമാക്കുന്നതിനെക്കുറിച്ചും വിദ്യാർഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമുള്ള പ്രവേശന പ്രോട്ടോകോളുകളും ഇക്കാര്യത്തിൽ നൽകിയ സൗകര്യങ്ങളും അവലോകനം ചെയ്യുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

