മസ്കത്ത്: ബുറൈമിയിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. ഒരേ രാജ്യക്കാരാണ് പ്രതികളും കൊല്ലപ്പെട്ടവരും. അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡും കുറ്റാന്വേഷണ വിഭാഗം ജനറൽ ഡിപ്പാർട്മെൻറും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ബുറൈമി ഇബ്രാഹീം മാർക്കറ്റിന് പിൻവശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബുറൈമിയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി പറഞ്ഞു. നാലുദിവസത്തോളമായി നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റിലെ താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പരിശോധന നടത്തി മൃതദേഹങ്ങൾ കണ്ടെത്തിയത്.