2027 ഹജ്ജ് തീർഥാടകർക്ക് രണ്ട് വാക്സിനുകൾ നിർബന്ധം
text_fieldsമസ്‌കത്ത്: 2027ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഒമാനിലെ തീർഥാടകർക്ക് വാക്സിനേഷൻ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ വാക്സിനുകളാണ് നിർബന്ധമാക്കിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
മതകാര്യ മന്ത്രാലയം നടത്തിയ ഇലക്ട്രോണിക് പരിശോധനയിലൂടെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട പൗരന്മാരും പ്രവാസികളും അതത് ഗവർണറേറ്റുകളിൽ ആരോഗ്യ മന്ത്രാലയം നിർദേശിച്ച ആരോഗ്യ സ്ഥാപനങ്ങളിലെത്തി വാക്സിനുകൾ സ്വീകരിക്കണം.രണ്ട് മാസം പ്രായം പൂർത്തിയായ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ ഹജ്ജ്, ഉംറ തീർഥാടകർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാണ്.
ഒരു ഡോസ് സ്വീകരിച്ചാൽ അഞ്ചു വർഷത്തേക്ക് പ്രതിരോധശേഷി ലഭിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വാക്സിൻ എടുത്തവർക്ക് അതിന്റെ രേഖ ഹാജരാക്കിയാൽ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. ആറു മാസം പ്രായം പൂർത്തിയായ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള തീർഥാടകർക്ക് സീസണൽ ഇൻഫ്ലുവൻസ വാക്സിനും നിർബന്ധമാണ്.
ഇൻഫ്ലുവൻസ ബാധയും അതുമൂലമുണ്ടാകുന്ന സങ്കീർണതകളും തടയുന്നതിനായി വർഷത്തിലൊരിക്കൽ ഈ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.യാത്രക്കിടെ രോഗബാധ പകരാനുള്ള സാധ്യത കുറക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് യാത്രക്ക് കുറഞ്ഞത് പത്തു ദിവസം മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കാൻ നിർദേശിച്ചിരിക്കുന്നത്.

