ട്വൻറി 20 ലോകകപ്പ്: കാണികളെ അനുവദിച്ചേക്കും
text_fieldsലോകകപ്പ് ക്രിക്കറ്റിനായി ഒരുങ്ങുന്ന അമിറാത്തിലെ മൈതാനി ചിത്രം: വി.കെ ഷഫീർ
മസ്കത്ത്: ഒക്ടോബർ 17 മുതൽ ഒമാനിൽ ആരംഭിക്കുന്ന ട്വൻറി 20 ലോകകപ്പ് ഗ്രൂപ്പുതല മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കും. മൂവായിരം കാണികൾക്ക് പ്രവേശനാനുമതി നൽകാനാണ് ആലോചനയുള്ളതെന്ന് ഒമാൻ ക്രിക്കറ്റ് അസോസിയേഷെൻറ ചീഫ് ഡെവലപ്മെൻറ് ഓഫിസർ ദുലീപ് മെൻഡിസ് പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് അനുമതി ലഭിക്കുക. ടൂർണമെൻറ് അടുക്കുന്ന സമയത്താണ് ടിക്കറ്റ് വിൽപനയെ കുറിച്ച വിവരങ്ങൾ അറിയിക്കുക.
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അമിറാത്ത് ക്രിക്കറ്റ് മൈതാനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പിച്ചിന് ചുറ്റുമുള്ള ഫ്ലഡ്ൈലറ്റുകളുടെ നവീകരണം, സ്റ്റാൻഡുകൾ, കളിക്കാർക്കും മാച്ച് ഒഫീഷ്യലുകൾക്കുമുള്ള സൗകര്യങ്ങൾ തുടങ്ങിയ ജോലികളാണ് നടക്കുന്നത്. ഫ്ലഡ്ലൈറ്റുകളുടെ ശേഷി 1100 ലക്സിൽ നിന്ന് 2500 ലക്സായി ഉയർത്തിയതായും ദുലീപ് മെൻഡിസ് പറഞ്ഞു. സ്റ്റേഡിയത്തിെൻറ വടക്കുവശത്ത് 20 മുതൽ 30 പേർക്ക് വരെ ഇരിക്കാവുന്ന വി.ഐ.പി ബോക്സ് ഉണ്ടായിരിക്കും. മീഡിയ ബോക്സ് അടക്കമുള്ളവയും ഇവിടെയായിരിക്കും. ഡിജിറ്റൽ സ്കോർബോർഡാണ് മറ്റൊരു സുപ്രധാന നവീകരണം. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ രണ്ടാഴ്ച നിർബന്ധിത ഐസൊലേഷനിൽ കഴിയേണ്ടി വരും. കളിക്കാരെയും ടീമംഗങ്ങളെയും അനുഗമിക്കുന്ന കുടുംബാംഗങ്ങൾ 30 ദിവസം സമ്പർക്ക വിലക്കിൽ കഴിയണമെന്നതാണ് നിബന്ധന. ഈ രണ്ട് നിബന്ധനകളിലും മാറ്റം വരാനിടയുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണോ കളിക്കാനിറങ്ങാൻ അനുവദിക്കുകയുള്ളൂവെന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ഒമാൻ അടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാന് പുറമെ ബംഗ്ലാദേശ്, പാപ്പുവ ന്യൂ ഗിനിയ, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ് ബിയിലുള്ളത്. ശ്രീലങ്ക, നെതർലൻഡ്സ്, നമീബിയ, അയർലൻഡ് എന്നീ രാജ്യങ്ങളടങ്ങിയതാണ് ഗ്രൂപ് എ. രണ്ട് ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു ടീമുകൾ വീതം യു.എ.ഇയിൽ നടക്കുന്ന സൂപ്പർ 12 റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും.