ട്വന്റി20 ലോകകപ്പ് യോഗ്യത; ഒമാൻ ടീമിന് ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ ക്രിക്കറ്റ് ടീമിന് നൽകിയ സ്വീകരണം
മസ്കത്ത്: അടുത്ത വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് യോഗ്യത നേടി തിരിച്ചെത്തിയ ഒമാൻ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വരവേൽപ്പ്. മസ്കത്ത് അന്താരാഷ്ട്രവിമാനത്താവളത്തിൽ തിങ്കളാഴ്ച അർധരാത്രിയോടെ എത്തിയ ടീമിനെ ഒമാൻ ക്രിക്കറ്റ് ബോർഡ് അംഗങ്ങൾ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ആരാധകർ, കുടുംബങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കായിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഹിഷാം അൽ സിനാനി, ഒമാൻ ക്രിക്കറ്റ് വൈസ് ചെയർമാൻ പോൾ ഷെറിഡൻ, സെക്രട്ടറി മധു ജെസ്രാണി, ട്രഷറർ അൽകേഷ് ജോഷി, ബോർഡ് അംഗങ്ങളായ കിരൺ ആഷർ, സയ്യിദ് അൻവർ അഹ്സൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കോച്ച് മെൻഡിസ് പറഞ്ഞു. ഒമാൻ ക്രിക്കറ്റ് ചെയർമാനായ പങ്കജ് ഖിംജിയുടെ നേതൃത്വത്തിൽ ഒമാൻ ക്രിക്കറ്റ് വർഷങ്ങളായി കൈവരിച്ച മഹത്തായ പുരോഗതിയെ ഇത് അടയാളപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റിലുടനീളം ബാറ്റർമാരും ബൗളർമാരും നടത്തിയ മികച്ച പ്രകടനമാണ് ഒമാന് ലോകകപ്പ് യോഗ്യത നേടാൻ സഹായിച്ചത്.
അടുത്ത വർഷം ജൂൺ 4 മുതൽ 30വരെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ ഫൈനലിൽ എത്തിയപ്പോൾതന്നെ ഒമാൻ യോഗ്യത നേടിയിരുന്നു. ഒടുവിൽ കലാശക്കളിയിൽ ആതിഥേയരായ നേപ്പാളിനെ സൂപ്പർ ഓവറിൽ തകർത്ത് കീരിടവുമായാണ് കോച്ച് ദുലീപ് മെൻഡിസും കുട്ടികളും മടങ്ങിയത്. കീർത്തിപുർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ കലാശ കളിയിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റൺസിന് തകർത്താണ് സുൽത്താനേറ്റ് കിരീടം സ്വന്തമാക്കിയത്.
ഒരു മത്സരംപോലും തോൽക്കാതെയാണ് ടീം കിരീടം നേടിയത് എന്നും ശ്രദ്ധേയമായ കാര്യമാണ്. ഇത് മൂന്നാം തവണയാണ് ലോകകപ്പ് വേദിയിലേക്ക് സുൽത്താനേറ്റ് നടന്ന് കയറുന്നത്. ഇതിന് മുമ്പ് 2016, 2021 വർഷങ്ങളിൽ ആയിരുന്നു സുൽത്താനേറ്റ് ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

