തുർക്കിയ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനം നാളെ മുതൽ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കൂടെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ (ഫയൽ)
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ബുധനാഴ്ച ഒമാനിലെത്തും. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും രണ്ട് സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. പരസ്പaരതാൽപര്യമുള്ള മേഖലകളിൽ സംയുക്ത ശ്രമങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും ആരായും.
സംഭാഷണം, സമാധാനം, സാമ്പത്തിക പങ്കാളിത്തം എന്നിവയോടുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചകളിൽ ഉയർന്നുവരും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകളും കൈമാറും. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ ഒമാനും തുർക്കിയയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധത്തെ ഈ സന്ദർശനം അടിവരയിടുന്നു. ഇരു രാജ്യങ്ങളും തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നത് തുടരുകയാണ്. ഉർദുഗന്റെ ഒമാനിലേക്കുള്ള സന്ദർശനം, സാമ്പത്തിക, പ്രതിരോധ, തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര, സാമ്പത്തിക, സൈനിക, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പായി സന്ദർശനം മാറും. കഴിഞ്ഞവർഷം നവംബറിൽ സുൽത്താൻ നടത്തിയ രണ്ടുദിവസത്തെ തുർക്കിയ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ 10 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
സംയുക്ത നിക്ഷേപവും ആരോഗ്യവും സംബന്ധിച്ച രണ്ട് കരാറുകളിലും രാഷ്ട്രീയ ആലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യം, മൃഗം, ജലസമ്പത്ത്, തൊഴിൽ, സംരംഭകത്വം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള എട്ട് ധാരണപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും ഒന്നിലധികം മേഖലകളിൽ തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും വ്യകതമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

