തുർക്കിയ എംബസിയുടെ കാമ്പയിന് പിന്തുണയേറുന്നു
text_fieldsമസ്കത്ത്: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മസ്കത്തിലെ തുർക്കി എംബസി നടത്തുന്ന എയ്ഡ്-ഇൻ-കൈൻഡ് കാമ്പയിന് മികച്ച പ്രതികരണം. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഭക്ഷ്യവസ്തുക്കളുമായി എംബസിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഓരോ മേഖലയിൽനിന്നും വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നുമുണ്ട്. സഹായവുമായെത്തിയ ആളുകൾക്ക് എംബസി അധികൃതർ നന്ദിയറിയിക്കുകയും ചെയ്തു.
സഹായസാമഗ്രികൾ പെട്ടിയിലാക്കി സാധനങ്ങളുടെ ലിസ്റ്റ് സഹിതം മസ്കത്തിലെ തുർക്കിയ എംബസിയിൽ എത്തിക്കാവുന്നതാണ്. സമാഹരിച്ചവ തുർക്കിയ എയർലൈൻസ് വഴി ഭൂകമ്പ മേഖലകളിൽ കൈമാറും. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ എംബസിയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്.
മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ശൈത്യകാല വസ്ത്രങ്ങൾ, ഓവർകോട്ട്, റെയിൻകോട്ട്, ബൂട്ട്, ട്രൗസർ, സ്വെറ്ററുകൾ, സ്കാർഫുകൾ, കൈയുറകൾ, സോക്സ്, അടിവസ്ത്രങ്ങൾ, പയർവർഗങ്ങൾ, അരി, ബൾഗർ, മൈദ, പാചക എണ്ണ, ഉപ്പ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, ബേബി ഫോർമുല ഭക്ഷണം, ഡയപ്പറുകൾ, ക്ലീനിങ്, ശുചിത്വ ഉൽപന്നങ്ങൾ, സ്ത്രീകളുടെ ശുചിത്വ ഉൽപന്നങ്ങൾ, ടെന്റുകൾ, കിടക്കകൾ, മെത്തകൾ (കൂടാരത്തിന്), ബ്ലാങ്കറ്റുകൾ, സ്ലീപ്പിങ് ബാഗുകൾ, കാറ്റലറ്റിക് ഗ്യാസ് സ്റ്റൗ, ഹീറ്റർ, ഗ്യാസ് സിലിണ്ടറുകൾ, തെർമോ ബോട്ടിലുകൾ തുടങ്ങിയവയാണ് ആവശ്യമുള്ള വസ്തുക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

