തുർക്കിയ ഭൂകമ്പം; സേവ് ഒ.ഐ.സി.സി ഒമാൻ സഹായം കൈമാറി
text_fieldsസേവ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധങ്ങൾ ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലുവിന് കൈമാറിയപ്പോൾ
മസ്കത്ത്: തുർക്കിയിലെ ഭൂകമ്പ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാൻ സേവ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധങ്ങൾ ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലുവിന് കൈമാറി. സിദ്ദീഖ് ഹസന്റെ നേതൃത്വത്തിലാണ് തുർക്കിയ ഹൗസിലെത്തി സാധനങ്ങൾ കൈമാറിയത്. എംബസി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട വസ്തുക്കളാണ് നൽകിയതെന്ന് സേവ് ഒ.ഐ.സി.സി ഒമാൻ ഭാരവാഹികൾ പറഞ്ഞു. മരുന്നുകൾ, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ, ഇലക്ട്രിക് കെറ്റിലുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, കുട്ടികൾക്കാവശ്യമായ ഷൂസുകൾ എന്നിവയാണ് നൽകിയത്. ആവശ്യമായ എല്ലാ സഹായവും തുടർന്നും നൽകാൻ തയാറാണെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ എംബസി ഉദ്യോഗസ്ഥരെ അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സമൂഹം ഉൾപ്പെടെ വിദേശികളും സ്വദേശികളും നൽകുന്ന സഹായസഹകരണത്തിന് അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലു നന്ദി രേഖപ്പെടുത്തി. രണ്ടാം സെക്രട്ടറി ബാരിസ് ഗോറിസോഗ്ലുവും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. അനീഷ് കടവിൽ, ജിജോ കടന്തോട്ട്, കുര്യാക്കോസ് മാളിയേക്കൽ, സതീഷ് പട്ടുവം, നിധീഷ് മാണി, ഹരിലാൽ വൈക്കം, മോഹൻ പുതുശ്ശേരി, സജി ഏനാത്ത്, പ്രിട്ടു സാമുവേൽ, റാഫി ചക്കര, ഷെരീഫ്, ലത്തീഫ്, ഷഹീർ അഞ്ചൽ, മനോഹരൻ കണ്ടൻ, ബാബു ചിറ്റിലപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.