ത്രിപുടോത്സവം 16ന്; ആദ്യമായി ‘ഗരുഡൻ പറവ’യും
text_fieldsത്രിപുട മസ്കത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ത്രിപുട മസ്കത്തിന്റെ ഈ വർഷത്തെ പുതിയ ബാച്ചിന്റെ അരങ്ങേറ്റത്തോടനുബന്ധിച്ച് ‘ത്രിപുടോത്സവം’ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാദി കബീർ മജാൻ ഹൈറ്റ്സ് ഹാളിൽ വൈകീട്ട് 4.30ന് പരിപാടികൾ ആരംഭിക്കും. അമൽ കോരപ്പുഴയുടെ ശിക്ഷണത്തിൽ 10 പേരാണ് പഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വടക്കേ മലബാറിന്റെ മേള ചക്രവർത്തി കലാമണ്ഡലം ശിവദാസന്മാരാരാണ് മുഖ്യാതിഥി. ജി.സി.സിയിൽ ആദ്യമായി ഗരുഡൻ പറവ എന്ന ക്ഷേത്ര കലാരൂപത്തെ മസ്കത്തിലെ ത്രിപുടോത്സവത്തിൽ അവതരിപ്പിക്കും.
തൃശൂർ പൂരത്തിലെ മുഖ്യ ആകർഷണമായ ഇലഞ്ഞിത്തറ മേളവും (പാണ്ടി മേളം) ത്രിപുടോത്സവത്തിൽ ഉണ്ടാകും. ത്രിപുട മസ്കത്ത് അംഗങ്ങൾക്കു പുറമെ നാട്ടിൽനിന്നും വരുന്ന 15ഓളം കലാകാരന്മാരും ചേർന്ന് 50ൽപരം കലാകാരന്മാർ അണിയിച്ചൊരുക്കുന്നയായിരിക്കും മേള പ്രപഞ്ചം. വയലിനിൽ മാന്ത്രികത തീർക്കുന്ന വയലിനിസ്റ്റും ഗായകനുമായ വിവേകാനന്ദന്റെ മ്യൂസിക്കൽ ഷോയും ത്രിപുടോത്സവത്തിന്റെ മാറ്റുകൂട്ടും. ചന്തു മിറോഷ് അവതരിപ്പിക്കുന്ന സോപാന സംഗീതവും റിഥം ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ നൃത്ത നൃത്യം എന്നിവ ഉണ്ടാകും.ത്രിപുടോത്സവത്തിനു പ്രവേശനം സൗജന്യമായിരിക്കും. ത്രിപുട മസ്കത്ത് അംഗങ്ങളായ അമൽ കോരപ്പുഴ, ചന്തു മിറോഷ്, സതീഷ് കുമാർ, സുധി പിള്ള, കലേഷ് കല്ലിങ്ങപ്പുറം, ഹരികൃഷ്ണൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

