വൃക്ഷതൈ നടീൽ; ദോഫാറിൽ രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsമസ്കത്ത്: വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് ദോഫാർ ഗവണറ്റേറ്റിൽ തുടക്കമായി. പരിസ്ഥിതി അതോറിറ്റി (ഇ.എ) സന്നദ്ധ സംഘങ്ങളുമായി സഹകരിച്ചാണ് വൃക്ഷത്തെ നടുന്നത്. രണ്ടാം ഘട്ട കാമ്പയിൻ ജൂൺ 29ന് ആരംഭിച്ചത്. ഇത് ഒരു മാസത്തേക്ക് തുടരുമെന്ന് ദോഫാറിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻവയോൺമെന്റിലെ ജൈവവൈവിധ്യ വകുപ്പ് മേധാവി ഹാതിം സലിം അലി കൽഷാത്ത് പറഞ്ഞു. ഇത്തവണ 7,00,000 വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി. സിദ്ർ പോലുള്ള കാട്ടുമരങ്ങളുടെ വിത്ത് നടുന്നതിന്റെ രണ്ടാം ഘട്ടത്തിൽ 40ലധികം സന്നദ്ധപ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.
2021 ജൂണിൽ ആയിരുന്നു ആദ്യ ഘട്ടം തുടങ്ങിയത്. ഇതിലൂടെ ദോഫാറിന്റെ വിവിധ ഭാഗങ്ങളിലായി 10 ലക്ഷം വിത്തുകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. താഖ, മിർബാത്ത്, സലാല, ദാൽകുത്ത് എന്നീ വിലായത്തുകളിലാണ് നിലവിൽ സന്നദ്ധ സംഘങ്ങൾ വൃക്ഷക്ഷതെകൾ നട്ടുപിടിപ്പിക്കുന്നത്. രാവിലെ പത്തുമുതൽ മൂന്നുമണിവരെയാണ് വൃക്ഷതെ നടീൽ പ്രവൃത്തിയിൽ സന്നദ്ധ സംഘങ്ങൾ ഏർപ്പെടുന്നത്. ഖരീഫ് സീസണിനു ശേഷമുള്ള ജലക്ഷാമവുമാണ് കന്നുകാലികളുടെ മേയലുമാണ് വൃക്ഷതൈ നട്ടുപരിപാലിക്കുന്നതിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അലി കൽഷാത്ത് പറഞ്ഞു. അമിതമായ മേച്ചിൽ പ്രശ്നം മറികടക്കാൻ, വിത്ത് നട്ട ജബൽ സംഹാൻ മുതൽ കൈറോൺ ഹിരിതിയുടെ നിയാബത്ത് വരെ 45 വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നട്ടുപിടിപ്പിച്ച വൃക്ഷെതെകൾ സംരക്ഷിക്കുന്നതിനും ഈ പ്രദേശങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമായി ബോധവത്കരണ കാമ്പയിനുകളും അതോറിറ്റി നടത്തുന്നുണ്ട്. ഖരീഫ് സമയത്ത് ഗവർണറേറ്റ് സന്ദർശിക്കുന്നവരിൽനിന്ന് ഹരിത പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായി അതോറിറ്റി ഒരു ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് ടീമിന്റെ പ്രവർത്തനം. ഖരീഫ് സമയത്ത് എത്തുന്ന സന്ദർശകർ പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും ഹരിത പ്രദേശങ്ങൾ സംരക്ഷിക്കാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.