മുസ്ലിം യാത്രക്കാർക്ക് പ്രിയങ്കരമായ ആദ്യ 10 രാഷ്ട്രങ്ങളിൽ ഒമാനും
text_fieldsമസ്കത്ത്: മുസ്ലിം യാത്രക്കാർക്ക് പ്രിയങ്കരമായ ആദ്യ 10 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാനും ഇടം നേടി. മാസ്റ്റർകാർഡും ക്രസൻറ് റേറ്റിങ്ങും ചേർന്ന് തയാറാക്കിയ ആഗോള മുസ്ലിം യാത്രാസൂചികയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഒമാൻ ഇടംനേടിയത്. 130 രാഷ്ട്രങ്ങൾ അടങ്ങിയ പട്ടികയിൽ ഒമാന് ഒമ്പതാം സ്ഥാനമാണുള്ളത്.
മലേഷ്യ, യു.എ.ഇ, ഇന്തോനേഷ്യ, തുർക്കി, സൗദി അറേബ്യ, ഖത്തർ, മൊറോകോ, ബഹ്റൈൻ എന്നിവയാണ് പട്ടികയിൽ ഒമാന് മുന്നിൽ ഇടംനേടിയത്. കുടുംബമായി സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ, സുരക്ഷിതയാത്ര, പ്രാർഥന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. കൊളംബിയയാണ് പട്ടികയിൽ അവസാനം. സുരക്ഷിതയാത്ര, വിമാനത്താവളങ്ങളിലെ സൗകര്യം, പ്രാർഥന സൗകര്യങ്ങളുടെ ലഭ്യത, ഭക്ഷണസൗകര്യം തുടങ്ങിയ വിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന പോയൻറായ 67.9 ആണ് ഒമാന് ലഭിച്ചത്.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളല്ലാത്ത ഏഷ്യൻ രാഷ്ട്രങ്ങൾ പട്ടികയിൽ മുൻ വർഷത്തെ അപേക്ഷിച്ച് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 121 ദശലക്ഷം മുസ്ലിം സഞ്ചാരികളാണ് ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിൽ യാത്രചെയ്തത്. 2020ഒാടെ മൊത്തം യാത്രികരുടെ എണ്ണം 156 ദശലക്ഷമായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
