ഹഫീത് റെയിൽ; നിർമാണപ്രവൃത്തിക്കായി ബുറൈമിയിൽ ഗതാഗത നിയന്ത്രണം
text_fieldsമസ്കത്ത്: ഒമാനിനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ‘ഹഫീത് റെയിൽ’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി ബുറൈമി ഗവർണറേറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഗതാഗതമന്ത്രാലയമാണ് വാഹനയാത്രികർക്കായി ട്രാഫിക് നിർദേശം പുറപ്പെടുവിച്ചത്.
സാഅ -ഹഫീത് റോഡിലെ ഹഫീത് റൗണ്ട് എബൗട്ടിലാണ് വഴിതിരിച്ചുവിടുന്നത്. 238 കിലോമീറ്റർ നീളമുള്ള റെയിൽപാതയുടെ നിർമാണം വേഗത്തിലാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ ക്രമീകരണം.
ഹഫീത് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ സങ്കീർണമായ രീതിയിലുള്ളതാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള റോഡ് ശൃംഖലയോട് ചേർന്ന് റെയിൽ പാതകൾ സംയോജിപ്പിക്കൽ, പ്രത്യേക അണ്ടർപാസുകളും പാലങ്ങളും നിർമ്മിക്കൽ എന്നിവ പുരോഗമിക്കുന്നതായി മന്ത്രാലയം അറിയിച്ചു. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അധികൃതർ നൽകിയ നിർദേശങ്ങൾ വാഹന യാത്രക്കാർ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
‘ഹഫീത് റെയിൽ’ പദ്ധതിയുടെ 70 ശതമാനത്തോളം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബുറൈമി ഗവർണറേറ്റിലെ ഹജർ പർവതനിരകളിൽ തുരങ്കം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കുകളുടെ ആദ്യ ഘട്ടം സുഹാർ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്. സ്പെയിനിൽ നിന്നും എത്തിച്ച 3,800 ട്രാക്കുകൾ ഉപയോഗിച്ച് ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും.
238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ശൃംഖലയിൽ 57 പാലങ്ങളും 881 കലുങ്കുകളും ഉൾപ്പെടുന്നു. ഇവയിൽ പല പാലങ്ങളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്.
പദ്ധതി പൂർത്തിയാകുന്നതോടെ സോഹാറിൽ നിന്ന് അബൂദബിയിലേക്ക് വെറും 100 മിനിറ്റുകൊണ്ട് എത്താൻ സാധിക്കും.
പാസഞ്ചർ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്ററും ചരക്ക് തീവണ്ടികൾക്ക് മണിക്കൂറിൽ 120 കിലോമീറ്ററുമാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്. 2026-ന്റെ തുടക്കത്തിൽ തന്നെ ചരക്ക് ഗതാഗതത്തിനായുള്ള പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

