വിനോദസഞ്ചാരികൾ ഗതാഗതനിയമങ്ങൾ പാലിക്കണം -പൊലീസ്
text_fieldsരാജ്യത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിലൊന്ന്
മസ്കത്ത്: രാജ്യത്തെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് റോഡ് മാർഗം എത്തുന്നവർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും വേഗപരിധിയും പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക്, പ്രത്യേകിച്ച് ഖരീഫ് സീസണിന്റെ ഭാഗമായി നിരവധി ആളുകളാണ് ഒമാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ആളുകളും എത്തുന്നത്. ഇവരിൽ നല്ലൊരു ഭാഗവും റോഡ് മാർഗമാണ് ദോഫാറിലേക്കു പോകുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
വിവിധ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിനും കസ്റ്റംസ്, പാസ്പോർട്ട്, വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും റോയൽ ഒമാൻ പൊലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിലെ പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ബദർ ബിൻ സെയ്ഫ് അൽ യാറൂബി പറഞ്ഞു. സഞ്ചാരികൾ ഉന്നയിക്കുന്ന അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടിയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. റോഡ് മാർഗം വരുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. ടയറുകൾ ഉൾപ്പെടെയുള്ള വാഹനസുരക്ഷ ഉറപ്പാക്കുകയും വേഗപരിധി പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഗാർഹിക തൊഴിലാളികൾ, ഡ്രൈവർമാർ, സ്വകാര്യ പാചകക്കാർ ഇവരെ കൂടെ കൂട്ടാവുന്നതാണ്. ഇവർക്ക് പ്രീ-ഇ-വിസ വഴിയോ അല്ലെങ്കിൽ അതിർത്തിയിൽ എത്തുമ്പോഴോ വിസ എടുക്കുകയോ ചെയ്യാം. ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും വിവിധ അതിർത്തികൾ വഴി ടൂറിസ്റ്റ് വിസയിൽ ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് സഹായം നൽകുന്നതിന് റോയൽ ഒമാൻ പൊലീസ് സുസജ്ജമാണ്. അടിയന്തര ആവശ്യങ്ങൾക്കും സഹായങ്ങൾക്കും 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

