സഞ്ചാരികളെ ഇതിലേ... ഇതിലേ...
text_fieldsയൂറോപ്യൻ രാജ്യങ്ങളിൽ ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ കാമ്പയിൻ
മസ്കത്ത്: ഫ്രഞ്ച് സംസാരിക്കുന്ന യൂറോപ്പിൽനിന്നുള്ള സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് പൈതൃക, ടൂറിസം മന്ത്രാലയം പുതിയ പ്രമോഷനൽ കാമ്പയിൻ ആരംഭിച്ചു. ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒമാന്റെ സാംസ്കാരിക പൈതൃകം, പ്രകൃതിദൃശ്യങ്ങൾ, ആതിഥ്യമര്യാദയുടെ പ്രശസ്തി എന്നിവ ഉയർത്തിക്കാട്ടുക എന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണികളിൽ സുൽത്താനേറ്റിന്റെ ദൃശ്യപരത വർധിപ്പിക്കുന്നതിനും യൂറോപ്യൻ വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഒമാനെ മാറ്റാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്.
പ്രചാരണത്തിന്റെ ഭാഗമായി, ഫ്രഞ്ച് മീഡിയ റിലേഷൻസ് സ്ഥാപനമായ ആർട്ടിക്കിൾ ഓൺസെയുമായി സഹകരിച്ച് മന്ത്രാലയം ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികളെയും ടൂറിസം കമ്പനികളെയും പങ്കാളികളാക്കിയിട്ടുണ്ട്. ഈ സഹകരണം മേഖലയിലുടനീളമുള്ള വ്യവസായ സ്ഥാപനങ്ങളുമായുള്ള ഒമാന്റെ ബന്ധം ശക്തിപ്പെടുത്തുമെന്ന് കരുതുന്നു.
സുൽത്താനേറ്റിന്റെ ആകർഷണീയത പ്രദർശിപ്പിക്കുന്നതിൽ ഈ സംരംഭം ഒരു മുന്നേറ്റമാണെന്ന് ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹമ്മദ് മുഹമ്മദ് നാസർ അൽ അറൈമി പറഞ്ഞു. ഒമാൻ എല്ലായ്പ്പോഴും സന്ദർശകർക്ക് സുരക്ഷിതവും സ്വാഗതാർഹവുമായ ഒരു സങ്കേതമാണ്. ഈ പ്രചാരണത്തിലൂടെ, അന്താരാഷ്ട്ര വിനോദസഞ്ചാരികളിലേക്ക് എത്തിച്ചേരാനും നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും ശാന്തതയും അനുഭവിക്കാൻ അവരെ ക്ഷണിക്കാനും ഞങ്ങൾ സജീവമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഒമാൻ ടി.വിയോട് പറഞ്ഞു.
പർവതപ്രദേശങ്ങൾ മുതൽ തീരദേശ ആകർഷണങ്ങൾ, പരമ്പരാഗത സൂഖുകൾ വരെയുള്ള സുൽത്താനേറ്റിന്റെ യാത്രാനുഭവങ്ങളുടെ ശ്രേണിയെ ആശയവിനിമയം ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യമെന്ന് ഫ്രാൻസിലെ ഒമാൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ അസ്സ ബിൻത് ഹമൂദ് അൽ ബുസൈദി പറഞ്ഞു. ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവ ഇൻബൗണ്ട് ടൂറിസത്തിന് വാഗ്ദാനമായ വിപണികളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
യൂറോപ്പിൽനിന്നും മറ്റ് പ്രദേശങ്ങളിൽനിന്നുമുള്ള ടൂറിസം വർധിപ്പിക്കുന്നതിനുള്ള വിശാലമായ അന്താരാഷ്ട്ര തന്ത്രത്തിന്റെ ഭാഗമാണ് മന്ത്രാലയത്തിന്റെ പ്രചാരണം. ഒമാനിലേക്ക് വിനോദസഞ്ചാരികൾ എത്തുന്ന ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് ഫ്രാൻസ്.
2025 മാർച്ചിൽ, ഉയർന്ന നിലവാരമുള്ള യാത്രാ കേന്ദ്രമെന്ന പദവി ശക്തിപ്പെടുത്തുന്നതിനായി ഒമാൻ ആഗോള മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. യൂറോപ്പിലെ പ്രധാന നഗര കേന്ദ്രങ്ങളിലെ ടാക്സികൾ, ബസുകൾ, ട്രെയിൻ സ്റ്റേഷനുകൾ, ബിൽബോർഡുകൾ എന്നിവയിൽ പരസ്യങ്ങൾ ഈ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഷോപ്പിങ് മാളുകളിലും ടെലിവിഷൻ നെറ്റ്വർക്കുകളിലും പ്രമോഷനൽ ഉള്ളടക്കം പ്രചരിപ്പിച്ചിരുന്നു.
ഭാവിയിൽ, ചൈന, റഷ്യ, സ്പെയിൻ, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പുതിയ ടൂറിസം പ്രതിനിധി ഓഫിസുകൾ തുറക്കാൻ സുൽത്താനേറ്റ് പദ്ധതിയിടുന്നു. ഒമാന്റെ വ്യാപ്തി വർധിപ്പിക്കുകയും കൂടുതൽ വൈവിധ്യമാർന്ന സന്ദർശക അടിത്തറയെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കന്നതിനായി, മന്ത്രാലയം 50ലധികം ആഗോള മാധ്യമ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒമാന്റെ ടൂറിസം ഓഫറുകൾ പ്രദർശിപ്പിക്കുന്ന മൾട്ടിമീഡിയ കാമ്പയിനുകളും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

